ഗുരുഗ്രാം: നേരത്തെ നീക്കം ചെയ്ത അവയവത്തില്‍ കല്ല് കണ്ടെത്തിയെന്ന് പറഞ്ഞ് വീണ്ടും സര്‍ജറി നടത്തുകയും. സര്‍ജറിയെ തുടര്‍ന്ന് രോഗി മരിക്കുകയും ചെയ്തതിന് ശേഷം വീട്ടുകാര്‍ക്ക് 17 ലക്ഷത്തിന്റെ ബില്ല് നല്‍കി ആശുപത്രിക്കാരുടെ ക്രൂരത. ആശുപത്രിക്കാരുടെ അശ്രദ്ധയെ തുടര്‍ന്ന് രോഗി മരിച്ചതില്‍ മകന്‍ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍.
കടുത്ത വയറു വേദനയുമായി ആശുപത്രിയിലെത്തിയ അറുപ്പത്തിയേഴുകാരിയായ സാവിത്രി ദേവിയാണ് ശസ്ത്രക്രിയയെ തുടര്‍ന്ന് രോഗാവസ്ഥ വഷളാവുകയും തുടര്‍ന്ന് മരിക്കുകയും ചെയ്തത്. രാജസ്ഥാനിലെ ആല്‍വര്‍ സ്വദേശിയായ സാവിത്രി ദേവി ഗുരുഗ്രാമിലെ കൊളംബിയ ഏഷ്യ എന്ന ആശുപത്രിയിലാണ് ചികിത്സ തേടിയത്. പിത്താശയത്തില്‍ കല്ലുണ്ടായതിനെ തുടര്‍ന്നാണ് വയറു വേദനയെന്നായിരുന്നു ആശുപത്രി അധികൃതര്‍ രോഗിയെ അറിയിച്ചത്. ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കണമെന്ന് അറിയിക്കുകയും പിറ്റേന്ന് ശസ്ത്രക്രിയ ചെയ്യുകയും ചെയ്തു. എന്നാല്‍ രോഗിയുടെ പിത്താശയം നേരത്തെ തന്നെ മറ്റൊരു ആശുപത്രിയില്‍ വച്ച് നീക്കം ചെയ്തിരുന്നുവെന്നാണ് രോഗിയുടെ മകന്‍ രാജേന്ദ്ര സിംഗ് ആരോപിക്കുന്നത്.
സര്‍ജറിയ്ക്ക് ശേഷം അമ്മയുചടെ അവസ്ഥ മോശമായെന്നും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്നും മകന്‍ ആരോപിക്കുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ജനുവരി 26നാണ് സാവിത്രി ദേവി ആശുപത്രിയില്‍ മരിക്കുന്നത്. ഇതിന് ശേഷമാണ് ആശുപത്രി ജീവനക്കാര്‍ 17 ലക്ഷത്തിന്റെ ബില്ല് സാവിത്രി ദേവിയുടെ മകന്‍ രാജേന്ദ്ര സിംഗിന് നല്‍കുന്നത്. തുടര്‍ന്നാണ് ആശുപത്രി അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാണിച്ച് മകന്‍ പലീസില്‍ സമീപിക്കുന്നത്. എന്നാല്‍ സാവിത്രി ദേവിയ്ക്ക് മറ്റൊരു ശസ്ത്രക്രിയയാണ് ചെയ്തതെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
