കൊച്ചി: കൊച്ചിയില്‍ വീണ്ടും കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. മുത്തച്ഛനൊപ്പം പോയ നാലു വയസ്സുകാരനെ തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഇതര സംസ്ഥാനക്കാരനായ മുഹമ്മദ് ഇബ്‌നുള്‍ റഹ്മാനെയാണ് (31) നാട്ടുകാര്‍ പിടികൂടി പാലാരിവട്ടം പൊലീസിന് കൈമാറിയത്. തമ്മനം ഇലവുങ്കല്‍ റോഡില്‍ ശനിയാഴ്ച രാവിലെയായിരുന്നു കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമമുണ്ടായത്.
കൊച്ചുമകനുമായി മുടിവെട്ട് കടയില്‍ നിന്നു മടങ്ങുകയായിരുന്നു മുത്തച്ഛന്‍. കുട്ടിയുടെ കൈയ്യും പിടിച്ചാണ് വീട്ടിലേക്കു വന്നത്. ഇതിനിടെ പിന്നാലെ ഓടിയെത്തിയ യുവാവ് കുട്ടിയെ പിടിച്ചുകൊണ്ട് പോകാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച മുത്തച്ഛനെ തള്ളിയിടുകയും ചെയ്തു. സംഭവം കണ്ട പരിസരവാസികള്‍ ഓടിയെത്തി മുഹമ്മദ് ഇബ്‌നുളിനെ തടഞ്ഞ് നിര്‍ത്തുകയായിരുന്നു.
പാലാരിവട്ടം പൊലീസ് എത്തി യുവാവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. മാനസികാസ്വാസ്ഥ്യമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റാന്‍ നിര്‍ദേശിച്ചു. കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് ശ്ശൂരിലേക്കു കൊണ്ടുപോയത്. അസം സ്വദേശിയാണെന്നു കരുതുന്നു.
