ക്യാമറ കണ്ടെത്തിയത് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി ജീവനക്കാരന്‍ പിടിയില്‍

ഇടുക്കി: ഹോട്ടലിനോട്‌ ചേര്‍ന്നുള്ള ടോയ്‍ലറ്റില്‍ ഒളിക്യാമറ വയ്‌ക്കാന്‍ ശ്രമിച്ച ജീവനക്കാരനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പൂപ്പാറ തോണിമല എസ്‌റ്റേറ്റിലെ താമസക്കാരനായ രാജയാണ്‌ പോലീസിന്റെ പിടിയിലായത്‌. അടിമാലി ടൗണില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് സംഭവം. ചൊവ്വാഴ്‌ച്ച വൈകിട്ടാണ് ഹോട്ടല്‍ ജീവനക്കാരനായ രാജയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയ സംഘത്തില്‍പ്പെട്ട പെണ്‍കുട്ടി ടോയ്‍ലറ്റില്‍ കയറിയപ്പോളാണ് വാതിലിന്റെ മറവില്‍ ഒളിപ്പിച്ചിരുന്ന മൊബൈല്‍ ക്യാമറ ശ്രദ്ധയില്‍പ്പെട്ടത്‌. ഉടന്‍ തന്നെ പെണ്‍കുട്ടി സംഭവം മാതാപിതാക്കളെയും മാതാപിതാക്കാള്‍ ഹോട്ടല്‍ ഉടമയേയും വിരമറിയിച്ചു. മൊബൈല്‍ ഫോണിന്റെ ഉടമയെ തിരിച്ചറിഞ്ഞതോടെ സംഭവം പോലീസില്‍ അറിയിക്കുകയും തൊഴിലാളിയായ രാജയെ പോലീസെത്തി കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു. 

ഹോട്ടലിനു പുറത്ത്‌ സ്ഥിതി ചെയ്യുന്ന ടോയ്‍ലറ്റ് പെണ്‍കുട്ടിയെ കാണിച്ചു കൊടുക്കുവാനെന്ന വ്യജേന എത്തിയ ശേഷം ടോയ്‍ലറ്റില്ല്‍ കയറിയ രാജ പെട്ടന്നു തന്നെ മൊബൈല്‍ ഫോണിന്റെ ക്യാമറ ഓണാക്കി വച്ച്‌ പുറത്തിറങ്ങുകയായിരുന്നു പോലീസ്‌ പറയുന്നത്. രണ്ട്‌ ദിവസങ്ങള്‍ക്ക്‌ മുമ്പാണ് രാജ അടിമാലി ടൗണില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹോട്ടലില്‍ ജോലിക്കായി എത്തിയത്‌.