കഴിഞ്ഞ മാര്‍ച്ച് 20നാണ് പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിലെ നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി ബസ്സിൽ നിന്ന് ആലിഹസ്സൻ വനിതാ കണ്ടക്ടറുടെ ബാഗ് മോഷ്ടിക്കുന്നത്. ഡ്യൂട്ടി ബുക്കിന് പുറമെ മൊബൈൽഫോണും 6,000 രൂപയും ബാഗിലുണ്ടായിരുന്നു. പണമെടുത്ത ശേഷം മൊബൈൽഫോൺ ഇയാൾ മറ്റൊരാൾക്ക് വിറ്റു. എന്നാൽ തുടര്‍ന്ന് സൈബര്‍ സെൽ സഹായത്തോടെ പൊലീസ് ഈ ഫോൺ പിന്തുടര്‍ന്നപ്പോഴാണ് അന്വേഷണം കാസര്‍കോട്ട് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവറിലെത്തുന്നത്.

കാഞ്ഞങ്ങാട് നിന്ന് ഒരു യുവാവാണ് 2,000 രൂപക്ക് തനിക്ക് ഈ ഫോൺ വിറ്റതെന്ന് ഇയാൾ പറഞ്ഞതോടെ അന്വേഷണം ആ വഴിക്കായി. പിന്നീട് ഡ്രൈവറെയും കൂട്ടി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിലലേശ്വരത്ത് തൈക്കടപ്പുറം സ്വദേശി ആലി ഹസ്സനെ പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നിന്നും പൊലീസ് പിടികൂടുന്നത്. മൊബൈൽ ഫോണെടുത്തത് സമ്മതിച്ചെങ്കിലും പക്ഷെ കണ്ടക്ടറുടെ ബാഗ് താനെടുത്തിട്ടില്ലെന്നാണ് ആലിഹസ്സൻ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സമാനമായ രീതിയിൽ കൂടുതൽ മോഷണങ്ങൾ നടന്നിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.