തിരുവനന്തപുരം: നഗരത്തിലെ സ്‌കൂൾ കോളേജ് കുട്ടികളെ കേന്ദ്രീകരിച്ചു കഞ്ചാവ് വിൽപന നടത്തുന്ന പരുന്ത് അനിയെ പൂജപ്പുര പോലീസ് പിടികൂടി. വിൽപ്പനയ്ക്കായി ഒന്നാരകിലോ കഞ്ചാവുമായി പോകവേയാണ് അനിയെ പൂജപ്പുര എസ്.ഐ പ്രേംകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. 

ആഴ്ചകളോളം ഇയാളെ നിരീക്ഷിച്ച ശേഷമാണ് വേട്ടമുക്കു ഭാഗത്തുവെച്ചു പൊലീസ് പിടികൂടുന്നത്. ഇയാൾക്കെതിരെ വഞ്ചിയൂർ, കരമന, നേമം, വട്ടിയൂർക്കാവ്, മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനുകളിൽ മാല പിടിച്ചുപറി ഉൾപ്പടെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പൊലീസ് പിടികൂടുന്ന സമയം പ്രതിയുടെ ഫോണിലേക്ക് കഞ്ചാവ് ആവശ്യകാരായ നിരവധിപേരുടെ വിളികൾ എത്തുന്നുണ്ടായിരുന്നു. ഈ നമ്പറുകൾ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചതായി പൂജപ്പുര പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.