പെട്രോൾ പമ്പിലെ തർക്കത്തെ തുടര്‍ന്ന് യുവാവിനെ ചുട്ടു കൊല്ലാൻ ശ്രമം
തൃശൂർ: തൃശൂർ കോടാലിക്കടുത്ത് ചേലക്കാട്ടുകര പെട്രോൾ പമ്പിൽ തർക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു. മുപ്ലിയം സ്വദേശി ദിലീപിനാണ് പൊള്ളലേറ്റത്. സംഭവത്തില് കുപ്രസിദ്ധ ഗുണ്ട വിനോദിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. ചേലക്കാട്ടുകര പെട്രോൾ പമ്പിൽ സുഹൃത്തുമൊത്ത് ഇന്ധനം നിറയ്ക്കാൻ എത്തിയതായിരുന്നു ദിലീപ്. ബൈക്കിൽ പെട്രോൾ നിറച്ച ശേഷം ബാക്കി തുക വാങ്ങുന്നതിനായി കാത്തുനിൽക്കുന്നതിനിടെയാണ് അക്രമം ഉണ്ടായത്.
ദിലീപിന്റെ വാഹനം മാറ്റണമെന്ന് ഇവിടെയെത്തിയ വിനോദും സംഘവും ആവശ്യപ്പെട്ടു. പണം വാങ്ങാൻ കാത്തുനിൽക്കുന്നതിനാൽ വാഹനം മാറ്റിയില്ല. ഇതിനിടെ കുപ്പിയിൽ പെട്രോൾ നിറച്ച് ദിലീപിനെ വിനോദ് തീ കൊളുത്തുകയായിരുന്നു. കണ്ടുനിന്നവർക്ക് തടയാൻ സാധിക്കും മുൻപേ ശരീരത്താകെ തീയുമായി ദീലീപ് ഓടി. തൊട്ടടുത്തുള്ള തോട്ടിലേക്ക് എടുത്തു ചാടിയതിനാൽ ദിലീപിന്റെ ജീവൻ രക്ഷിക്കാന് സാധിച്ചു. ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 20 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് വിനോദും സംഘവുമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസിന് വ്യക്തമായത്. അക്രമം നടക്കുന്നതിനിടെ വിനോദിന്റെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ചോരയൊലിക്കുന്ന തലയുമായി ഇയാൾ വീട്ടിലെത്തിയതായി പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. ഇയാൾക്കായി ആശുപത്രികളിലടക്കം പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.11 കേസിലെ പ്രതിയാണ് വിനോദ്. ഇയാൾ കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ ഒരു ബൈക്ക് പൂർണമായും കത്തിനശിച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ കാരണമാണ് വൻദുരന്തം ഒഴിവായത്. പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
