കൊല്ലത്ത് വെള്ളം ചോദിച്ചതിന് ഭിന്നശേഷിയുള്ളയാളെ മര്‍ദ്ദിച്ചെന്ന് പരാതി. കൊല്ലം മടത്തറയിലാണ് സംഭവം. പൊലീസ് നടപടി എടുത്തില്ലെന്ന് ആക്ഷേപം.

കൊല്ലം: വെള്ളം ചോദിച്ചതിന് ഭിന്നശേഷിയുള്ള യുവാവിനെ മര്‍ദ്ദിച്ചെന്ന് പരാതി. കൊല്ലം മടത്തറയിലാണ് സംഭവം. പാലോട് പൊലീസില്‍ യുവാവും ബന്ധുവും പരാതി നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും ആക്ഷേപമുണ്ട്.

കൊല്ലായി ഇലവുപാലം മഹാഗണി കോളനിയിലെ അജിക്കാണ് ഇക്കഴിഞ്ഞ പതിനെട്ടാം തീയതി മര്‍ദ്ദനമേറ്റത്. അജി സ്ഥിരമായി ആഹാരം കഴിക്കാറുള്ള ഹോട്ടലില്‍ വെള്ളം ചോദിച്ചെത്തിയപ്പോള്‍ ഹോട്ടല്‍ ഉടമയും മകനും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നാണ് പരാതി. മര്‍ദ്ദനത്തില്‍ അജിയുടെ വലത് കണ്ണിന് സാരമായി പരിക്കേറ്റു. കണ്ണിന്‍റെ കാഴ്ച നഷ്ടമായതായി ഡോക്ടര്‍മാര്‍ പറയുന്നു. പരിക്കേറ്റ അജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അനാഥനായ അജിക്കൊപ്പം നില്‍ക്കാന്‍ ആരും ഇല്ലാത്തതിനാല്‍ തിരികെവിട്ടു.

സംഭവം ചൂണ്ടികാട്ടി പത്തൊന്‍പതാം തീയതി നാട്ടുകാര്‍ പാലോട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആഴ്ച ഒന്ന് പിന്നിടുമ്പോഴും പ്രാഥമിക അന്വേഷണം പോലും നടത്താന്‍ പൊലീസ് തയ്യാറായിട്ടില്ല. അജി മദ്യപിച്ച് വീണത് ആകമെന്നതാണ് പൊലീസ് ഭാഷ്യം. എന്നാല്‍ യാതൊരുവിധ അന്വേഷണവും നടത്താതെ പൊലീസ് ഇങ്ങനെ ഒരു നിഗമനത്തില്‍ എത്തിയതിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍.