കോഴിക്കോട് കൊടിയത്തൂര്‍ പന്നിക്കോട് കാരാളിപ്പറമ്പില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കിണറ്റില്‍ തള്ളിയനിലയില്‍ കണ്ടെത്തി. കാരാളിപ്പറമ്പ് പാറപ്പുറത്ത് രമേശന് നേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുതര പരിക്കുകളോടെ രമേശനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ ശേഷം രമേശനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കിണറ്റില്‍ തള്ളുകയായിരുന്നെന്ന് കരുതുന്നു. കാരാളിപ്പറമ്പ് അങ്ങാടിയിലെ കിണറ്റില്‍ നിന്ന് രാവിലെ ശബ്ദം കേട്ട നാട്ടുകാരാണ് വെട്ടേറ്റ് കിണറ്റില്‍ രമേശന്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് രമേശനെ കിണറില്‍ നിന്ന് പുറത്തേക്ക് എടുത്തത്.
കാരളിപ്പറമ്പ് അങ്ങാടിയിലാണ് സംഭവം നടന്നതെന്ന് കരുത്തുന്നു. അങ്ങാടിയിലെ കടവരാന്തയില്‍ രക്തക്കറയുണ്ട്. പൊലീസ് ഇവിടെ നിന്ന് ഒരു കത്തിയും കണ്ടെടുത്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രമേശന്റെ നില ഗുരുതരമാണ്. ഉദരത്തിനും ശ്വാസകോശത്തിനും പരിക്കുണ്ട്. അടിയന്തിര ശസ്‌ത്രക്രിയക്ക് വിധേയമാക്കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. രമേശനെ ആക്രമിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടങ്ങിയെന്നും മുക്കം പൊലീസ് അറിയിച്ചു.
