കൊച്ചി നഗരത്തില്‍ പെണ്‍കുട്ടിക്ക് വെട്ടേറ്റു. കഴുത്തിന് പിന്നിലും തുടയിലും വെട്ടേറ്റ കോതമംഗലം സ്വദേശിയായ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബൈക്കിലെത്തിയ ശ്യാം എന്ന് പേരുള്ളയാളാണ് പെണ്‍കുട്ടിയെ വെട്ടിവീഴ്ത്തിയതെന്ന് പൊലീസ് അറിയിച്ചു.

കൊച്ചിയിലെ സ്വകാര്യ ലബോറട്ടറിയില്‍ ജീവനക്കാരിയായ പെണ്‍കുട്ടി ഓട്ടോറിക്ഷയില്‍ പോകുന്നതിനിടെയാണ് കലൂര്‍ ദേശാഭിമാനി റോഡില്‍ വെച്ച് ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി ശ്യാം ആക്രമിച്ചത്. പെണ്‍കുട്ടിയോട് ഇയാള്‍ പല തവണ പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടും നിരസിച്ചതാണ് വധശ്രമത്തിലേക്ക് എത്തിയത്. ബ്ലേഡ് കൊണ്ടാണ് കഴുത്തില്‍ വരഞ്ഞത്. കാലില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ശ്യാമിനെ കോതമംഗലം ബസ് സ്റ്റാന്റില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഇയാള്‍ കോതമംഗലത്തേക്ക് മടങ്ങിപ്പോവുകയായിരുന്നെന്നാണ് പൊലീസ് പറയുന്നു. ഇയാളെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും.