ദിയോരി: വീടിന് പുറത്ത് ചത്ത പശുവിനെ കണ്ടതിന് യുവാവിന് ക്രൂരമര്‍ദ്ദനം. ജാര്‍ഖണ്ഡിലെ ഗിരിധ് ജില്ലയിലെ ദിയോരിക്ക് സമീപമാണ് സംഭവം. യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച അക്രമി സംഘം ഇയാളുടെ വീടിന് തീയിടുകയും ചെയ്തു. ഉസ്മാന്‍ അന്‍സാരി എന്നയാള്‍ക്കാണ് ക്രൂമരമായ മര്‍ദ്ദനമേറ്റത്. ഇയാളുടെ വീടിന് മുന്നില്‍ ചത്ത പശു കിടന്നതാണ് പ്രകോപന കാരണം.
പോലീസ് എത്തിയപ്പോഴേയ്ക്കും അന്‍സാരി മര്‍ദ്ദനമേറ്റ് അവശനിലയിലായിരുന്നു. ഇതിനിടെയാണ് അക്രമി സംഘം അന്‍സാരിയുടെ വീടിന് തീയിട്ടത്. വീടിന്റെ മുക്കാല്‍ ഭാഗവും കത്തിനശിച്ചു. സംഭവ സമയത്ത് അന്‍സാരിയുടെ കുടുംബാംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നു. കുടുംബാംഗങ്ങളെ പോലീസാണ് പുറത്തെത്തിച്ചത്. പോലീസ്, അന്‍സാരിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും അക്രമി സംഘം അനുവദിച്ചില്ല.
ആകാശത്തേക്ക് വെടിയുതിര്‍ത്ത് അക്രമികളെ പിരിച്ചു വിട്ടതിന് ശേഷമാണ് പോലീസ് അന്‍സാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അക്രമി സംഘത്തിന്റെ കല്ലേറില്‍ അമ്പതോളം പോലീസുകാര്‍ക്ക് പരിക്കേറ്റു.
