യു.എ.ഇയില്‍ ഉണ്ടാകുന്ന റോഡപകടങ്ങളില്‍ ഭൂരിഭാഗവും യുവാക്കള്‍ ഉണ്ടാക്കുന്നവയാണെന്നാണ് അബുദാബി പോലീസ് പറയുന്നത്. 45 ശതമാനം റോഡപകടങ്ങളും ഉണ്ടാക്കുന്നത് 18 വയസിനും 30 വയസിനും ഇടയില്‍ ഉള്ളവരാണത്രെ. അമിത വേഗത, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കാതിരിക്കല്‍ തുടങ്ങിയവയാണ് യുവാക്കളുണ്ടാക്കുന്ന അപകടങ്ങള്‍ക്ക് പ്രധാന കാരണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

അബുദാബില്‍ ആരംഭിച്ച ഗള്‍ഫ് ട്രാഫിക് വാരാചരണങ്ങളോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ഇത് സംബന്ധിച്ച് അധികൃതര്‍ വ്യക്തമാക്കിയത്. സാമൂഹ്യമാധ്യമങ്ങള്‍ വഴി ബോധവത്ക്കരണ പരിപാടികള്‍ ശക്തമാക്കാനാണ് തീരുമാനം. റോഡപകടങ്ങള്‍ മൂലമുള്ള മരണം പരമാവധി കുറയ്‌ക്കുക എന്ന ഉദ്ദേശത്തിലാണ് പൊലീസ്. ഒരു ലക്ഷത്തില്‍ 5.5 എന്നതാണ് ഇപ്പോഴത്തെ യു.എ.ഇയിലെ റോഡപകട മരണ നിരക്ക്. ഇത് ഒരു ലക്ഷത്തിന് മൂന്ന് ആയി കുറയ്ക്കുക എന്നതാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കുന്നു. ഗള്‍ഫ് ട്രാഫിക് വാരാചരണ കാലത്ത് നിരവധി ബോധവത്ക്കരണ പരിപാടികളാണ് അധികൃതര്‍ സംഘടിപ്പിച്ചിരിക്കുന്നത്.