Asianet News MalayalamAsianet News Malayalam

ജന്മഭൂമി പത്രത്തിനെതിരെ കേസുകൊടുത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ്

ജൻമഭൂമിപത്രത്തിനെതിരെ ജാതീയമായ അധിക്ഷേപത്തിന് കേസ് കൊടുത്തു. വംശീയമായ അധിക്ഷേപത്തിന് ഇരയായ മുഖ്യമന്ത്രിയോ, അദ്ദേഹത്തിന്‍റെ സഖാക്കളോ ഇതുവരെ അതിനെതിരെ ഒരു പരാതി പോലും കൊടുക്കാൻ തയ്യാറാവാത്ത സാഹചര്യത്തിലാണ് ഞാൻ പരാതി കൊടുത്തിരിയ്ക്കുന്നത്

youth congress leader file case against janmabhumi daily
Author
Kerala, First Published Dec 25, 2018, 5:27 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ വരച്ചുവെന്ന ആക്ഷേപത്തില്‍ ജന്മഭൂമി പത്രത്തിനെതിരെ കേസുകൊടുത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ്. യൂത്ത് കോണ്‍ഗ്രസ് അനൂപ് വിആര്‍ ആണ് ജന്മഭൂമിക്കെതിരെ കേസ് കൊടുത്തെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

ജൻമഭൂമിപത്രത്തിനെതിരെ ജാതീയമായ അധിക്ഷേപത്തിന് കേസ് കൊടുത്തു. വംശീയമായ അധിക്ഷേപത്തിന് ഇരയായ മുഖ്യമന്ത്രിയോ, അദ്ദേഹത്തിന്‍റെ സഖാക്കളോ ഇതുവരെ അതിനെതിരെ ഒരു പരാതി പോലും കൊടുക്കാൻ തയ്യാറാവാത്ത സാഹചര്യത്തിലാണ് ഞാൻ പരാതി കൊടുത്തിരിയ്ക്കുന്നത്. 

ഞാൻ കൂടി ഉൾപ്പെട്ടിരിയ്ക്കുന്ന സമൂഹത്തിന്റെ ആത്മാഭിമാനത്തെ അപമാനിയ്ക്കുന്നതും, ആ നിലയ്ക്ക് എന്റെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തു എന്ന നിലയിലാണ് എന്റെ പരാതി.ഈ വിഷയത്തിൽ സർക്കാർ എന്ത് നിലപാട് സ്വീകരിച്ചാലും എന്റെ സ്വന്തം നിലയിൽ "ജൻമഭൂമി" യ്ക്കെതിരെ കേസുമായി മുന്നോട്ട് പോവാനാണ് തീരുമാനം എന്ന് അനൂപ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഡിസംബര്‍ 22നാണ് സംഘപരിവാറിന്‍റെ കേരളത്തിലെ മുഖപത്രമായ ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിനെതിരെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. കാര്‍ട്ടൂണിസ്റ്റുകള്‍ അടക്കം ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതില്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷം അവകാശലംഘന നോട്ടീസ് നല്‍കിയിരുന്നു. ഇത് പ്രമേയമാക്കിയാണ് ജന്മഭൂമി കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്.

'വനിതാ മതില്‍: മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ്' എന്ന തലക്കെട്ടില്‍ വന്ന കാര്‍ട്ടൂണില്‍ 'തെങ്ങു കയറേണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം' എന്ന അടിക്കുറിപ്പാണ് ജന്മഭൂമി നല്‍കിയത്. ദൃക്സാക്ഷി എന്ന കാര്‍ട്ടൂണ്‍ കോളത്തിലാണ് വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്.

തെങ്ങു കയറ്റക്കാരും ചെത്തുകാരും അടങ്ങിയ ഈഴവ വിഭാഗത്തെ അവഹേളിക്കുന്നതും ഈ വിഭാഗത്തിലുള്ളവര്‍ അധികാരത്തിലെത്തരുതെന്ന സന്ദേശവുമാണ് കാര്‍ട്ടൂണ്‍ പങ്കുവെയ്ക്കുന്നതെന്നാണ് പ്രധാനമായി ഉയര്‍ന്ന വിമര്‍ശനം. കാര്‍ട്ടൂണ്‍ അക്കാദമി അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്ത് എത്തി. അതേ സമയം കാര്‍ട്ടൂണിനെ അപലപിച്ച വിടി ബലറാം എംഎല്‍എ ഇതില്‍ സിപിഎം പ്രതിഷേധം ശക്തമല്ലെന്ന് ഫേസ്ബുക്കിലൂടെ കുറ്റപ്പെടുത്തി. അതിന് പിന്നാലെയാണ് യൂത്ത്കോണ്‍ഗ്രസ് നേതാവ് അനൂപ് വിആര്‍ ജന്മഭൂമിക്കെതിരെ കേസ് നല്‍കിയത്.
 

Follow Us:
Download App:
  • android
  • ios