തിരുവനന്തപുരം: ഷുഹൈബിന്‍റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് തെരുവു യുദ്ധത്തിൽ കലാശിച്ചു. ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് നിരാഹാരത്തിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കാളായ ഡീൻ കുര്യാക്കോസിനെയും , സി.ആർ.മഹേഷിനെയും ആശുപത്രിയിലേക്ക് മാറ്റി. യൂത്ത് കോണ്‍ഗ്രസ് നടത്തിവന്ന നിരാഹര സമരം അവസാനിപ്പിച്ചു.

പൊലീസിന് നേരെ തുരുതുരാ കല്ലെറിഞ്ഞ് യൂത്ത് കോണ്‍ഗ്രസുകാര്‍. പൊലീസ് തിരിച്ചും കല്ലെറിഞ്ഞു. 90 വട്ടം കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു . സെക്രട്ടറിയറ്റിന് മുന്നിലെ വഴി ഉച്ചയ്ക്ക് അരമണിക്കൂറിലധികം പോര്‍ക്കളമായി. കുപ്പിയും ഗോലിയും തടിക്കഷണങ്ങളും പൊലീസിന് നേരിടാൻ സമരക്കാര്‍ ആയുധമാക്കി. 

സമരപന്തലിലേയ്ക്ക് നീങ്ങിയ പൊലീസുകാരെ മേലുദ്യോഗസ്ഥര്‍ തടഞ്ഞു. വിവിധ ഭാഗങ്ങളിൽ കൂടി നിന്നു കല്ലെറിഞ്ഞവര്‍ക്കു നേരെ ലാത്തിചാര്‍ജ്. ഡീൻ കുര്യാക്കോസിനെയും സിആർ മഹേഷിനെയും ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് സ്ഥിതി ശാന്തമായത്. മൂന്നു പൊലീസുകാർക്കും രണ്ടു യൂത്ത് കോണ്‍ഗ്രസുകാർക്കും പരിക്കേറ്റു.