കോഴിക്കോട് വടകര വില്ല്യാപ്പള്ളിയില്‍ ഉത്സവത്തിനിടെ ചൂത് കളിച്ചതിന്‍റെ പേരില്‍ പൊലീസ് വിരട്ടിയോടിച്ച യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വില്ല്യാപ്പള്ളി സ്വദേശി മങ്ങാട്ട് രൂപേഷാണ് മരിച്ചത്.

വില്ല്യാപ്പള്ളി മയ്യന്നൂരില്‍ ഉത്സവത്തിനിടെ ചൂത് കളിക്കുന്നവരെ കഴിഞ്ഞ ചൊവ്വാഴ്ച പൊലീസ് വിരട്ടി ഓടിച്ചിരുന്നു. അന്ന് ഓടിപ്പോയ രൂപേഷിനെ കാണാതായി.പിന്നീട് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് രൂപേഷിന്‍റെ മൃതദേഹം ഉത്സവ പറമ്പിന് സമീപം കണ്ടെത്. ആദ്യം ബൈക്ക് കണ്ടെത്തി .പിന്നീട് കൂടുതല്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് അല്‍പം അകലെ മൃതദേഹം കണ്ടെത്തിയത്.പൊലീസ് സംഘം എത്തിയതോടെ ഭയന്നോടിയപ്പോള്‍ രൂപേഷ് അപകടത്തില്‍ പെട്ടതാകാമെന്നാണ് നിഗമനം.ആള്‍പ്പാര്‍പ്പില്ലാത്ത പറമ്പിലാണ് രൂപേഷിന്‍റെ മൃതദേഹം കണ്ടത്.

പൊലീസ് അടിച്ച് ഓടിച്ചതാണ് രൂപേഷിന്‍റെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്ഥലത്തെത്തിയ പൊലീസിന് നേരെ ബന്ധുക്കള്‍ പ്രതിഷേധിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. പിന്നീട് വടകര ഡിവൈഎസ് പി സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.