കൊച്ചി: യുവാവിനെ വീട്ടിനുളളില്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ നേതാജി റോഡില്‍ സഭയില്‍ വീട്ടില്‍ രാജനാണു മരിച്ചത്. പൊലീസ് അന്വേഷണം തുടങ്ങി.

ഭാര്യയോട് പിണങ്ങി ഏകാന്തവാസത്തിലായിരുന്നു രാജന്‍. ഓട്ടോ ഡ്രൈവറാണ്. രാവിലെ വീട്ടിനുളളില്‍നിന്നു ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോഴാണു രാജനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിന്റെ തറയില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ശരീരത്തിന്റെ പലഭാഗങ്ങളിലും മുറിവേറ്റ പാടുകളുണ്ട്. തൊട്ടടുത്ത് ഒരു ചുറ്റികയും കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് ആലുവ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.