ഭോപ്പാല്‍: അപരിചിതനായ 23കാരനെ യുവാവ് ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊന്നു. മദ്ധ്യപ്രദേശിലെ സുഖ്നി റെയില്‍വെ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. ബന്ധുവിന്റേ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി സുഹൃത്തിനൊപ്പം കമയാനി എക്‌സ്‍പ്രസില്‍ യാത്ര ചെയ്ത അഹമ്മദാബാദ് സ്വദേശി റിതേഷാണു മരിച്ചത്. 

തൊട്ടടുത്ത സ്റ്റേഷനില്‍ ഇറങ്ങുന്നതിനായി ഡോറിന് സമീപം നില്‍ക്കുന്നതിനിടെ ബാത്ത്‌റൂമില്‍ പോയി തിരിച്ചു വന്നു രാജ്മല്‍ എന്നയാളാണ് യാതൊരു പ്രതോപനവുമില്ലാതെ യുവാവിനെ തള്ളിയിട്ടത്. അമ്മ മരിച്ചതിനെ തുടര്‍ന്ന് അലഹബാദില്‍ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് മടങ്ങുകയായിരുന്നു രാജ്മല്‍. ഇവര്‍ തമ്മില്‍ ഒരു മുന്‍പരിചയവുമുണ്ടായിരുന്നില്ല. എന്തായാലും ഞാന്‍ മരിക്കാന്‍ പോവുകയാണെന്നും അതുകൊണ്ട് തന്നെയും കൊന്നേക്കാം എന്നു പറഞ്ഞായിരുന്നു റിതേഷിനെ തള്ളിയിട്ടതെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു. ഉടന്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയെങ്കിലും ഗുരുതരമായി പരിക്കേറ്റ റിതേഷിനെ രക്ഷിക്കാനായില്ല. 

രാജ്മല്‍ നേരത്തെ ക്രിമിനല്‍ കേസുകളിലൊന്നും പ്രതിയായിട്ടില്ലെന്നും ഇയാളുടെ മാനസിക നില തകരാറിലാണെന്ന് സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു. തനിക്ക് ഒരു ജീവന്‍ ബലി നല്‍കേണ്ടിയിരുന്നുവെന്ന് ഇയാള്‍ ഇടയ്‌ക്ക് പറഞ്ഞതായും പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം റിതേഷിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.