പാറ്റ്‍ന: ട്രെയിന് മുകളില്‍ കയറി നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവ് ഷോക്കേറ്റ് മരിച്ചു. ബിഹാറിലെ മുസാഫര്‍ ജില്ലയിലാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിക്കു മുകളില്‍ കയറി നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 22 വയസുകാരന്‍ രോഹന്‍ കുമാറാണ് അപകടത്തില്‍ പെട്ടത്.
വെള്ളിയാഴ്ച വൈകുന്നേരം ആറു മണിയോടെയായിരുന്നു അപകടം. സെല്‍ഫി എടുക്കുന്നതിനിടെ തലയ്ക്ക് മുകളിലുള്ള വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. 30,000 വോള്‍ട്ട് ലൈനില്‍ തീ കത്തുകയും യുവാവ് അപ്പോള്‍ തന്നെ മരിക്കുകയുമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. റെയില്‍വേ യാര്‍ഡിലുണ്ടായിരുന്ന ആളുകളും തൊഴിലാളികളുമാണ് സ്ഥലത്ത് ഓടിയെത്തിയത്. സംഭവം നടന്നയുടന്‍ രോഹനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടുവെന്ന് പോലീസ് അറിയിച്ചു.
