ചായ വില്‍പനയിലൂടെ യുവാവിന്റെ മാസ വരുമാനം പന്ത്രണ്ട് ലക്ഷം രൂപ

പൂനെ: യാത്രക്കിടയില്‍ ലഭിക്കുന്ന ചായയുടെ രുചിയില്‍ അതൃപ്തി തോന്നിയതോടെയാണ് പൂനെ സ്വദേശിയായ യുവാവ് ഒരു ചായക്കടയുടെ സാധ്യതയെക്കുറിച്ച് ചിന്തിക്കുന്നത്. എന്നാല്‍ താന്‍ നല്‍കുന്ന ചായയുടെ നിലവാരത്തില്‍ ഒരു വിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഈ യുവാവിന്റെ മനസില്‍ ഉറപ്പിച്ചിരുന്നു. 

അങ്ങനെയാണ് യേവാല ടീ ഹൗസ് തുറക്കുന്നത്. രുചിയില്‍ ഒരു വിധ വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ ഈ ചായക്കടക്കാരന്‍ മാസം സമ്പാദിക്കുന്നത് പന്ത്രണ്ട് ലക്ഷം രൂപ. മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നുള്ളതാണ് കാഴ്ച. യേവാലേ ചായ അങ്ങനെ പെട്ടന്നൊരു ദിവസം തുറന്നതല്ല. മഹാരാഷ്ട്രയില്‍ സജീവമായ പല വടക്കടകളിലും ലഭിക്കുന്ന ചായ പലപ്പോഴും രുചിയുണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് നവനാഥ് എന്ന യുവാവ് നാലു വര്‍ഷത്തെ പഠനങ്ങള്‍ക്ക് ശേഷം യേവാല ടീ ഹൗസ് തുറക്കുന്നത്. 

മഹാരാഷ്ട്രയില്‍ വിവിധ ഇടങ്ങളിലായി മൂന്ന് ഔട്ട് ലെറ്റുകള്‍ മാത്രമുള്ള യേ വാലാ ടീ ഹൗസിന്റെ ചിലവുകള്‍ക്ക് ശേഷമുള്ള മാസ വരുമാനം പന്ത്രണ്ട് ലക്ഷത്തിലധികമാണ്. ഓരോ ഔട്ടലെറ്റിലും പന്ത്രണ്ട് ജീവനക്കാരും ഉണ്ട്. ചായക്കച്ചവടമാണ് നടത്തുന്നതെന്ന് പറയാന്‍ തീരെ മടിയില്ലെന്ന് നവനാഥ് പറയുന്നു. 

യേവാല ടീ ഹൗസിനെ ഒരു അന്താരാഷ്ട്ര ബ്രാന്‍ഡായി ഉയര്‍ത്തിക്കൊണ്ടു വരാനാണ് നവനാഥിന്റെ ശ്രമം. ചായ മാത്രമാണ് ഈ കടകളില്‍ വില്‍ക്കുന്നതെന്നതാണ് രസകരമായ വസ്തുത. കുറച്ച് പേര്‍ക്കെങ്കിലും ജോലി നല്‍കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഈ യുവാവ് പ്രതികരിക്കുന്നു. നേരത്തെ പക്കോഡ വിറ്റവരെ തൊഴിലില്ലാത്തവരായി കാണാനാകില്ലെന്നും അവര്‍ ദിവസവും 200 രൂപ സമ്പാദിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.