കോഴിക്കോട്: കോഴിക്കോട് ബൈപ്പാസില്‍ പ്രദേശവാസിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. രാത്രി ബൈപ്പാസിലൂടെ പോയ ഏതെങ്കിലും വാഹനം ഇടിച്ചായിരിക്കാം അപകടം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

ബൈപ്പാസില്‍ ഹൈലൈറ്റ് മാളിനടുത്താണ് സമീപ വാസിയായ ഈര്‍നരി സുധീഷ് എന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയുമായി അകന്ന് താമസിക്കുകയായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയിരുന്നില്ല. സുധീഷിന്റെ അമ്മ രാവിലെ പണിക്ക് പോകുമ്പോഴാണ് വഴിയരികില്‍ മൃതദേഹം കണ്ടത്.

രാത്രി ബൈപ്പാസിലൂടെ പോയ ഏതെങ്കിലും വാഹനമിടിച്ചതാവാമെന്നും അകപകടം സംഭവിച്ച ശേഷം നിര്‍ത്താതെ പോയിട്ടുണ്ടാകാം എന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശവശരീരത്തിന് സമീപത്ത് നിന്നും അപകടത്തില്‍ പെട്ടതാവാമെന്ന് കരുതുന്ന വാഹനത്തിന്റെ ഭാഗങ്ങളും കിട്ടിയിട്ടുണ്ട്. സമീപത്തെ പാര്‍പ്പിട സമുച്ചയത്തിലെയും ബൈപ്പാസിലേയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചാല്‍ അപകടം വരുത്തിയ വണ്ടി മനസിലാക്കാന്‍ കഴിയുമെന്ന് പൊലീസ് പറയുന്നു. നല്ലളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.