തൃശൂര്‍: തൃശൂര്‍ മാരാര്‍ റോഡില്‍ പോലീസിനെ കണ്ട് പേടിച്ചോടിയ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ചിങ്ങവനം സ്വദേശി സജിനാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നാളെ കോട്ടയത്തേക്ക് കൊണ്ടുപോകും. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

തിങ്കളാഴ്ച രാത്രി 10.30ക്ക് സജിനും സുഹൃത്തും തൃശൂര്‍ മാരാര്‍ റോഡില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്നു.ഈ സമയത്താണ് പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ വാഹനം അതുവഴി വന്നത്. തൊട്ടുമുമ്പ് അവിടവെച്ച് സജിന്‍ ചില യുവാക്കളുമായി തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ പൊലീസ് പിടിക്കാന്‍ വരികയാണെന്ന് ഭയന്ന് സജിന്‍ ഓടി.

പൊലീസ് ഇതു ശ്രദ്ധിച്ചതുമില്ല. പിറ്റേദിവസം സജിനെ കാണാനില്ലെന്ന് ഈസ്റ്റ് പൊലീസില്‍ സുഹൃത്തുക്കള്‍ പരാതി നല്‍കി. കേസെടുത്ത് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ഓടുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു. സ്വകാര്യകമ്പനിയിലെ ജീവനക്കാരനായിരുന്നു സജിന്‍. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ തൃശൂര്‍ ഐജിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.