വീടിന്‍റെ ഒരു നില പരിപൂര്‍ണ്ണമായും വെള്ളത്തിനടിയിലായതോടെയാണ് ജെഫി ഫേസ്ബുക്ക് ലൈവിലൂടെ സഹായമഭ്യര്‍ത്ഥിച്ചത്. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു

റാന്നി: അനുനിമിഷം കയറിവരുന്ന വെള്ളക്കെട്ടില്‍ വീട് പൂര്‍ണ്ണമായും മുങ്ങിയേക്കുമെന്ന് ഭയന്നപ്പോഴാണ് റാന്നി സ്വദേശി ജെഫി ജേക്കബ് ഫേസ്ബുക്ക് ലൈവിലൂടെ സഹായമഭ്യര്‍ത്ഥിച്ചത്. വീടിന്റെ താഴത്തെ നില പരിപൂര്‍ണ്ണമായി വെള്ളത്തിനടിയിലായിരുന്നു. വീടിന് ചുറ്റുമുള്ള വഴികള്‍ കാണാന്‍ കഴിയാത്ത രീതില്‍ മുങ്ങിപ്പോയി. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുള്‍പ്പെടെയുള്ള വാഹനങ്ങളെല്ലാം തന്നെ വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു. ഇവിടെ കിടപ്പിലായവര്‍ ഉള്‍പ്പെടെയുള്ള കുടുംബത്തോടൊപ്പം ഒറ്റപ്പെട്ടുപോയിരിക്കുന്നുവെന്ന് കാണിച്ചാണ് തോട്ടമണ്ണിലെ വീട്ടില്‍ നിന്ന് ജെഫി വീഡിയോ പങ്കുവച്ചത്. 

ആശങ്കയോടെ രക്ഷയഭ്യര്‍ത്ഥിച്ച യുവാവിന്റെ വീഡിയോ വൈറലായതോടെ ഉടന്‍ തന്നെ സഹായമെത്തി. ബോട്ടിലാണ് രക്ഷാപ്രവര്‍ത്തകര്‍ കുടുംബത്തെ രക്ഷിക്കാനെത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോയും ജെഫി ഫേസ്ബുക്കിലൂടെ പങ്കുവച്ചു. 


റാന്നിയില്‍ രണ്ട് ദിവസമായി അതിശക്തമായ മഴ തുടരുകയാണ്. ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ ആറടിയോളം ഉയര്‍ത്തിയതും പ്രദേശത്ത് പെട്ടെന്ന് വെള്ളക്കെട്ടുയരാന്‍ കാരണമായി. ഇവിടങ്ങളില്‍ ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെയെല്ലാം മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.