ഞായറാഴ്ച രാവിലെയാണ് അമ്പലക്കണ്ടി അങ്ങാടിയില്‍ വെച്ച് കാറിലെത്തിയ മൂന്നംഗ സംഘം ജാബിറിനെ തട്ടിക്കൊണ്ടുപോയത്. അങ്ങാടിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു ജാബിര്‍. പൂത്തൂര്‍ ഭാഗത്തേക്ക് പോയ കാര്‍ ജാബിറിന്റെ സുഹൃത്തുക്കള്‍ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് കൊടുവള്ളി പോലീസ് നടത്തിയ അന്വേഷണത്തില്‍ ഉച്ചക്ക് രണ്ടരയോടെ ജാബിറിനെയും തട്ടികൊണ്ടുപോയ സംഘത്തില്‍പ്പെട്ട കൊടുവള്ളി ചെറിയ ചോലക്കല്‍ ഷഫീക്കിനെയും കസ്റ്റഡിയിലെടുത്തു. ഈ വിവരമറിഞ്ഞ് നാട്ടുകാര്‍ സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.

പിടിയിലായ ഷഫീഖിന്റെ ബന്ധുവും മാവൂര്‍ സ്വദേശിയുമായ നിസാറിനെയും പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. തട്ടികൊണ്ടുപോവാന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദുബായിലായിരുന്ന ജാബിറും നിസാറും തമ്മിലുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടികൊണ്ടുപോവലില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. നേരത്തെ നടന്ന മധ്യസ്ഥതയില്‍ 75 ലക്ഷം രൂപ നിസാറിന് നല്‍കാമെന്ന് ജാബിര്‍ ഏറ്റിരുന്നുവത്രെ. ജാബിറിന്റെ കുടുംബ സ്വത്ത് ഷഫീഖിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കുകയും ചെയ്തു. ആറ് സെന്റ് കൂടി നല്‍കാമെന്നേറ്റിരുന്നുവെങ്കിലും ഇത് നല്‍കിയില്ലെന്നാണ് ഷഫീഖ് പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഭൂമി രജിസ്റ്റര്‍ ചെയ്ത് നല്‍കിയ ശേഷവും മകനെ തട്ടികൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ജാബിറിന്റെ പിതാവ് ജമാലുദ്ദീന്‍ പറഞ്ഞു.

സംഘത്തിലെ മൂന്നാം പ്രതിയായ കുന്ദമംഗലം സ്വദേശി ഷാഹിദിനായി പോലീസ് അ്‌നേഷണം ഊര്‍ജിതമാക്കി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും തട്ടിക്കൊണ്ടുപോകലും കൊടുവള്ളി മേഖലയില്‍ വര്‍ധിച്ചു വരുന്നത് പോലീസിനും തലവേദനയാവുകതയാണ്. വ്യാഴാഴ്ചായണ് കുഴല്‍പ്പണ മാഫിയയുടെ പീഡനത്തെ തുടര്‍ന്ന് ഒരാള്‍ ആത്മഹത്യ ചെയ്തത്. ഇതിനെതിരെ ജനകീയ പങ്കാളിത്തത്തോടെ നടപടി ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.