ഇടുക്കി: തൊടുപുഴക്കു സമീപം ഉടുമ്പന്നൂര്‍ അമയപ്രയില്‍ യുവാവിനെ വീട്ടിനുള്ളില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. അമയപ്ര സ്വദേശി വിഷ്ണുവാണ് മരിച്ചത്. സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഉടുമ്പന്നൂരുള്ള ഇറച്ചിക്കടയിലെ കശാപ്പുകാരനായിരുന്നു വിഷ്ണു. കടയുടമയുടെ അമയപ്രയിലുള്ള വീട്ടിലാണ് വാടകക്ക് താമസിക്കുന്നത്.
എല്ലാ ദിവസവും പുലര്‍ച്ചെ കടയുടമ ജോയി വീട്ടിലെത്തി വിഷ്ണുവിനെ വിളിച്ചു കൊണ്ടു പോകുയമാണ് പതിവ്. ഇന്നു പുലര്‍ച്ചെ എത്തിയപ്പോള്‍ വിഷ്ണു മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഭാര്യയും മക്കളും വീട്ടിലേക്ക് പോയതിനാല്‍ വിഷ്ണു മാത്രമാണുണ്ടായിരുന്നത്. ഇയാള്‍ നാട്ടുകാരെയും പൊലീസിനെയും അറിയിച്ചു. തൊടുപുഴ ഡിവൈഎസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
ഫൊറന്‍സിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പൊലീസ് നായയെയും എത്തിച്ചിരുന്നു. മൃതദേഹത്തില്‍ പുറത്തും നെഞ്ചിനു താഴെയും കുത്തേറ്റ മുറിവുണ്ട്. ഉച്ചയ്ക്കു ശേഷം ജോലിയില്ലാത്തതിനാല്‍ വിഷ്ണു ഉള്‍പ്പെട്ട സംഘം സ്ഥിരമായി മദ്യപാനവും കഞ്ചാവ് ഉപയോഗവും നടത്തുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമായിരിക്കാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാളുടെ സുഹൃത്തുക്കളില്‍ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുകയാണ്.
