ദില്ലി: വിമാനയാത്രയില്‍ ഭീകരവാദികളെക്കുറിച്ച് തുടര്‍ച്ചയായി സംസാരിച്ച യുവാവ് പൊലീസ് പിടിയില്‍. വിമാനത്തില്‍ ഭീകരവാദികള്‍ വന്നാല്‍ എന്താവുമെന്ന യുവാവിന്റെ സംസാരമാണ് നടപടിക്ക് പിന്നില്‍. കൊല്‍ക്കത്തയില്‍ നിന്നും മുംബൈയിലേക്ക് പോകാന്‍ തയ്യാറെടുത്ത വിമാനത്തിലായിരുന്നു യുവാവിന്റെ സംസാരം. സുഹൃത്തുക്കള്‍ക്കൊപ്പം തുടര്‍ച്ചയായി ഭീകരവാദികളെക്കുറിച്ച് സംസാരിക്കുന്ന യുവാവിനെക്കുറിച്ച് സഹയാത്രികനാണ് പൈലറ്റിനോട് പരാതിപ്പെട്ടത്. 

വിമാനത്തിനുള്ളില്‍ തയറിയ ശേഷം മുഖം തൂവാല കൊണ്ട് മറച്ച് സംസാരിച്ചിരുന്നതായിരുന്നു സഹയാത്രികര്‍ക്ക് സംശയം തോന്നിക്കാന്‍ കാരണമായത്. എന്നാല്‍ മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ തമാശയ്ക്കായായിരുന്നു മുഖം തൂവാല കൊണ്ട് മറച്ചതെന്നാണ് യുവാവ് വിശദമാക്കുന്നത്. ജെറ്റ് എയര്‍വേസിന്റെ വിമാനത്തിലാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. 

കൽക്കട്ടയിലെ സാൾട്ട് ലേക്ക് സ്വദേശിയായ യോഗ്വേദാന്ത പോഡർ എന്നയാളെയാണ് എയർപോർട്ടിലെ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് കൽക്കട്ട പൊലീസിന് കൈമാറി. ഇയാളെയും അയാളുടെ സാധനങ്ങളേയും യാത്ര തുടരാന്‍ അനുവദിക്കാതെ നിലത്ത് ഇറക്കി. ഇയാളുടെ ബാഗില്‍ നിന്ന് സശയകരമായ വസ്തുക്കള്‍ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് വിശദമാക്കി. 160 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.