അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന യുവാവ് ബസ്സിന്റെ അടിയില്‍ കുടുങ്ങുകയായിരുന്നു

വിതുര: വിതുര കല്ലാറിൽ വാഹനാപകടത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പൊൻ‌മുടിയിൽ നിന്നും നെടുമങ്ങാടേക്ക്‌ വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ ഒരാൾ തൽക്ഷണം മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റയാളെ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. പൊന്മുടി സന്ദർശിക്കാൻ എത്തിയ യുവാക്കളാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം.

ബൈക്കിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന യുവാവ് ബസ്സിന്റെ അടിയില്‍ കുടുങ്ങുകയായിരുന്നു. ഫയര്‍ഫോഴ്സും പൊലീസുമെത്തി ആളെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. കെ എല്‍ 16 എസ് 1657 എന്ന ബൈക്കിലെത്തിയ യുവാക്കളെ തിരിച്ചറിഞ്ഞിട്ടില്ല.