Asianet News MalayalamAsianet News Malayalam

ബന്ധുനിയമനം: കെ.ടി. ജലീലിന്‍റെ വാദം തെറ്റെന്ന് തെളിയിക്കാന്‍ രേഖയുണ്ടെന്ന് യൂത്ത് ലീഗ്

മന്ത്രി കെ.ടി. ജലീലിന്‍റെ വാദം തെറ്റെന്ന് തെളിയിക്കുന്ന വിവരാവകാശരേഖ ഉണ്ടെന്ന് പി.കെ. ഫിറോസ്. അപേക്ഷകരില്‍ നാല് പേര്‍ക്കും, അഭിമുഖത്തില്‍ പങ്കെടുത്ത രണ്ട് പേര്‍ക്കും കെ.ടി. അദീബിനെക്കാള്‍ യോഗ്യതയുണ്ടെന്ന് തെളിയിക്കുന്ന രേഖ പുറത്ത് വിടാന്‍ തയ്യാറെന്നും പി.കെ. ഫിറോസ്.

youth league against k t jaleel
Author
Thiruvananthapuram, First Published Nov 7, 2018, 1:58 PM IST

തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള നിയമനത്തില്‍ സ്വജനപക്ഷപാതം കാട്ടിയിട്ടില്ലെന്ന മന്ത്രി കെ.ടി. ജലീലിന്‍റെ വാദം തെറ്റെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ ലഭിച്ചെന്ന് യൂത്ത് ലീത്ത് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. ധനകാര്യ വകുപ്പിലെ അണ്ടര്‍സെക്രട്ടറിയും എസ്ബിഐ റീജ്യണല്‍ മാനേജറും അടക്കമുള്ളവരെ ഒഴിവാക്കിയാണ് ജലീലിന്‍റെ ബന്ധുവായ കെ.ടി.അദീബിന് നിയമനം നല്‍കിയതെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. അദീബ് ഒഴികെ വന്ന എല്ലാ അപേക്ഷകരും സര്‍ക്കാര്‍-പൊതുമേഖല സ്ഥാനങ്ങളിലെ ജീവനക്കാരായിരുന്നു. 

ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനിലെ തന്നെ ഡെപ്യൂട്ടി ജനറല്‍ മാനേജറുടെ അപേക്ഷ പോലും തള്ളിയാണ് അദീബിന് നിയമനം നല്‍കിയതെന്ന് പി.കെ.ഫിറോസ് ആരോപിക്കുന്നു. അഭിമുഖത്തിന് വന്ന നാല് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഡെപ്യൂട്ടേഷനുള്ള യോഗ്യത ഉണ്ടായിരുന്നു. ഇതില്‍ രണ്ട് പേര്‍ക്ക് അദീബിനെക്കാൾ വിദ്യാഭ്യാസ യോഗ്യതയുണ്ടെന്നും തെളിയിക്കുന്ന വിവരാവകാശ രേഖകള്‍ ലഭിച്ചെന്നാണ് ഫിറോസിന്‍റെ അവകാശവാദം.

അപേക്ഷകരില്‍ യോഗ്യതയുളള ഏക ആളെന്ന നിലയിലാണ് കെ.ടി അദീബിന് നിയമനം നല്‍കിയതെന്നും ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നുമാണ് നേരത്തെ കെ.ടി.ജലീല്‍ വ്യക്തമാക്കിയിരുന്നത്. അഭിമുഖം നടത്തിയിട്ടും യോഗ്യതയുള്ള ആളെ കിട്ടാത്തത് കൊണ്ടാണ് ഡെപ്യൂട്ടേഷനില്‍ ബന്ധുവിനെ നിയമിച്ചതെന്നും ഇങ്ങനെ നിയമിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

Read more: ബന്ധുനിയമനം: ഏഴ് അപേക്ഷകരുടെയും വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറെന്ന് മന്ത്രി കെ.ടി ജലീല്‍

Follow Us:
Download App:
  • android
  • ios