കോഴിക്കോട്: ആശയങ്ങളും ആദർശങ്ങളും ആര്‍ക്കും പണയം വച്ചിട്ടില്ലെന്ന് റഷീദലി ശിഹാബ് തങ്ങൾ. സമസ്തയുടെ വിലക്ക് ലംഘിച്ച് മലപ്പുറത്ത് നടക്കുന്ന മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നൂ അദ്ദേഹം. സുന്നി മുജാഹിദ് ഐക്യം ഉണ്ടാവണമെന്നും പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു.
മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വഖഫ് ബോഡ് ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർക്ക് സമസ്ത വിലക്കേര്‍പ്പെടുത്തിയിരുന്നു.
ചേളാരിയിൽ ചേർന്ന സമസ്ത ഏകോപന സമിതി യോഗത്തിലായിരുന്നു തീരുമാനം. സ്വയം വെള്ള പൂശാനാണ് സുന്നി നേതൃത്വത്തെ മുജാഹിദുകൾ സമ്മേളനത്തിലേക്ക് ക്ഷണിച്ചതെന്നു കുറ്റപ്പെടുത്തിയാണ് സമസ്ത നേതൃത്വത്തിന്‍റെ നടപടി. മലപ്പുറത്തെ കൂരിയാട്ടാണ് മുജാഹിദ് സമ്മേളനം നടക്കുന്നത്.
പ്രസിഡന്‍റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സി ആലിക്കുട്ടി മുസല്യാർ, ഹമീദ് ഫൈസി അമ്പലക്കടവ്, നാസർ ഫൈസി കൂടത്തായി തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലായിരുന്നു നേതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
