Asianet News MalayalamAsianet News Malayalam

കെ ടി ജലീലിനെതിരെ വീണ്ടും കരിങ്കൊടി കാട്ടി; പ്രതിഷേധം കടുപ്പിച്ച് യൂത്ത് ലീഗ്

മന്ത്രി പ്രസംഗിക്കുന്നതിനിടെ വേദിക്കരികിലെത്തി കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് ലീഗ് പ്രവർത്തകർ മലപ്പുറം - കൊണ്ടോട്ടി റോഡ് ഉപരോധിച്ചു

youth league protest against k t jaleel
Author
Malappuram, First Published Nov 10, 2018, 3:27 PM IST

മലപ്പുറം: മന്ത്രി കെ ടി ജലീലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാട്ടി. മലപ്പുറം കോട്ടപ്പടിയില്‍ വച്ചാണ് സംഭവം. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് വഴി നടപ്പിലാക്കുന്ന ഇമ്പിച്ചി ബാവ ഭവന നിര്‍മ്മാണ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. 

മന്ത്രി പ്രസംഗിക്കുന്നതിനിടെ വേദിക്കരികിലെത്തി കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് ലീഗ് പ്രവർത്തകർ മലപ്പുറം - കൊണ്ടോട്ടി റോഡ് ഉപരോധിച്ചു. പ്രതിഷേധകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. 

ഇന്ന് മൂന്നാം തവണയാണ് ജലീലിനെതിരെ കരിങ്കൊടി കാണിക്കുന്നത്. നേരത്തേ കൊണ്ടോട്ടിയിൽ യൂത്ത് ലീഗ് പ്രവർത്തകർ കെ.ടി. ജലീലിനെ കരിങ്കൊടി കാണിച്ചിരുന്നു. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82 ആം വാർഷിക പരിപാടികൾക്കായി മന്ത്രി എത്തിയപ്പോഴായിരുന്നു പ്രതിഷേധം. യൂത്ത് ലീഗ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

അതേസമയം കെടി ജലീലിനെതിരായ ആരോപണം അദ്ദേഹത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ജലീലിനെ വ്യക്തിഹത്യ ചെയ്യുകയാണ്. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാം. ജലീലിന് തെറ്റുപറ്റിയെന്ന് പാര്‍ട്ടി കരുതുന്നില്ല. സര്‍ക്കാരിനെ അസ്ഥിരമാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios