ചെന്നൈ: സിനിമാ സ്റ്റൈലില്‍ റെയ്ഡിനെത്തിയ യുവാവിനെ പൊലീസ് തുരത്തി. തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറിന്റെ വീട്ടിൽ ആദായ നികുതി ഉദ്യോഗസ്ഥൻ ചമഞ്ഞ് യുവാവ് പരിശോധനയ്ക്കെത്തി. ആദായ നികുതി ഉദ്യോഗസ്ഥന്റെ തിരിച്ചറിയല്‍ കാര്‍ഡു കാണിച്ചാണ് ഇയാള്‍ വീട്ടിലേയ്ക്ക് കയറിയത്. പരിശോധനയ്ക്ക് വന്നതാണെന്നും അടുത്ത സംഘം ഒരു മണിക്കൂറിനകം എത്തുമെന്നും ഇയാള്‍ പറഞ്ഞതോടെ കള്ളി വെളിച്ചത്താവുകയായിരുന്നു.
സംഭവ സമയത്ത് ദീപ ജയകുമാർ വീട്ടിലില്ലായിരുന്നു. ദീപയുടെ ഭർത്താവ് മാധവനും അഭിഭാഷകൻ സാമി ചിന്നപിള്ളയും ഈ സമയം വീട്ടിലുണ്ടായിരുന്നു. പരിശോധന തുടങ്ങിയതിനു പിന്നാലെ മാധ്യമ പ്രവർത്തകർ സ്ഥലത്തെത്തി. ചാനൽ ക്യാമറകൾ ദൃശ്യങ്ങൾ പകർത്തുന്നതു തടയാൻ ഇയാൾ ശ്രമിച്ചു. മാധ്യമ പ്രവർത്തകർ വീട്ടു വളപ്പിലേക്കു കയറരുതെന്നും ഇയാൾ അറിയിച്ചു.
തൊട്ടുപിന്നാലെ പൊലീസും സ്ഥലത്തെത്തി. പൊലീസിനെ കണ്ടയുടൻ സ്ഥലത്തുനിന്നു മുങ്ങിയ യുവാവ് വീടിന്റെ മതില്‍ചാടി ഓടി. ഇയാളെ പിന്തുടര്‍ന്ന് മാധ്യമ പ്രവർത്തകരും പൊലീസും പിന്തുടർന്നു. എന്നാൽ, ഇയാൾ രക്ഷപ്പെട്ടു. മാധവന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ഇയാളെ പിടികൂടാന്‍ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. മിതേഷ് കുമാര്‍ എന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത്.
