പശുക്കളെ പാലില്‍ കുളിപ്പിച്ച് യുവാവിന്‍റെ പ്രതിഷേധം  മുപ്പത്ത‌ഞ്ച് ലിറ്റര്‍ പാലില്‍ കുളിച്ച് യുവാവും

മുംബൈ: മുപ്പത്ത‌ഞ്ച് ലിറ്റര്‍ പാലുപയോഗിച്ച് കുളിച്ച് യുവാവിന്റെ പ്രതിഷേധം. പാലിന് വിലവര്‍ധനയും സബ്സിഡിയും ആവശ്യപ്പെട്ട് ക്ഷീര കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് സമരം. പാലില്‍ കുളിച്ചതിന് പിന്നാലെ തന്റെ കാലികളെയും ഇയാള്‍ പാലില്‍ കുളിപ്പിച്ചു. മഹാരാഷ്ട്രയിലെ സോലാപൂരില്‍ നിന്നാണ് വേറിട്ട പ്രതിഷേധം. 

മഗള്‍ വേധ ഗ്രാമത്തില്‍ നിന്നുള്ള സാഗര്‍ ലെന്‍ഡാവേ എന്ന യുവാവാണ് പ്രതിഷേധം നടത്തിയത്. വില വര്‍ദ്ധന ആവശ്യപ്പെട്ടുള്ള ക്ഷീര കര്‍ഷകരുടെ സമരം രണ്ടാം ദിവസം പിന്നിട്ടതിന് പിന്നാലെയാണ് യുവാവിന്റെ പ്രതിഷേധം. ഇന്നലെ പാലുമായി വന്ന ടാങ്കറുകള്‍ ക്ഷീര കര്‍ഷകര്‍ തടഞ്ഞിരുന്നു. ഇത് സംസ്ഥാനത്തെ പാല്‍ ഉപഭോഗത്തെ സാരമായി ബാധിച്ചിരുന്നു. പാലുല്‍പ്പന്നങ്ങളെ ജി എസ് ടി യില്‍ നിന്ന് ഒഴിവാക്കണമെന്നും സമരം നയിക്കുന്ന മഹാരാഷ്ട്ര കിസാന്‍ സഭ ആവശ്യപ്പെട്ടിട്ടുണ്ട്. 

പാല്‍പ്പൊടിക്കടക്കം വില കുറച്ചത് കര്‍ഷകരെ സാരമായ ബാധിച്ചിട്ടുണ്ടെന്നാണ് പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നത്. ക്ഷീര സഹകരണ സംഘങ്ങള്‍ കനത്ത വെല്ലുവിളിയാണ് നേരിടുന്നതെന്നും പ്രക്ഷോഭകര്‍ വിശദമാക്കുന്നു. ഗുജറാത്ത്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് പാല്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ മരണം വരെ സത്യാഗ്രഹത്തിലിരിക്കുമെന്നും കര്‍ഷകര്‍ വ്യക്തമാക്കുന്നു.