ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പത്മകുമാറിന്‍റെ ആറന്മുളയിലെ വീട്ടിലേക്ക് യുവ മോർച്ച പ്രവർത്തകർ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.  

ആറന്മുള: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ ആറന്മുളയിലെ വീട്ടിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. പൊലീസ് ബാരിക്കേഡ് ഭേദിച്ച് പ്രവർത്തകർ വീട്ടിലേക്ക് തള്ളി കയറാൻ ശ്രമിച്ചു.സംഘർഷത്തിൽ യുവമോർച്ച സംസ്ഥാന പ്രസിഡന്‍റ് അഡ്വ.പ്രകാശ് ബാബുവിന് നേരിയ പരിക്കേറ്റു. വിധിയിൽ പുനപരിശോധന ഹർജി നൽകാത്ത ദേവസ്വം ബോർഡ് നിലപാടിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. 'സ്വാമിയേ ശരണമയ്യപ്പ' എന്ന മുദ്രവാക്യവും ചൊല്ലിക്കൊണ്ടാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുന്നത്. 

അതേസമയം, ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തന്ത്രി കുടുംബവുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തും. വിഷയത്തില്‍ തിങ്കളാഴ്ചയാണ് ചര്‍ച്ച. അതേസമയം, ദേവസ്വം മന്ത്രിയും പ്രസിഡന്‍റും ഇന്ന് തന്ത്രിമാരുമായി ചര്‍ച്ച നടത്തും. 

ശബരിമല സ്ത്രീപ്രവേശനത്തില്‍ സമവായമുണ്ടാക്കാന്‍ സര്‍ക്കാറിന്‍റെ ശ്രമം. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തുല്യനീതി നടപ്പാക്കണമെന്നാണ് സിപിഎം നയമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഏത് സര്‍ക്കാരും ബാധ്യസ്ഥരാണ്. ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് കോടതി വിധി നടപ്പാക്കണമെന്നാണ് സിപിഎം നിലപാട്. യുദ്ധം ചെയ്ത് വിധി നടപ്പാക്കാനില്ലെന്നും കോടിയേരി പറഞ്ഞു. വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ ഇഷ്ടമുള്ള സ്ത്രീകൾക്ക് പോകാം. താല്പര്യമില്ലാത്തവർക്ക് പോകേണ്ട. സ്ത്രീകളെ കൊണ്ട് പോകാനും വരാനും സിപിഎം ഇടപെടില്ലെന്നും കോടിയേരിയും വ്യക്തമാക്കി. 

പുന:പരിശോധന ഹര്‍ജി നല്‍കുന്നകാര്യം ആലോചിക്കുമെന്ന് എ.പത്മകുമാര്‍ പറഞ്ഞു.സ്ത്രീ പ്രവേശന വിഷയത്തില്‍ കലാപത്തിനാണ് ബിജെപി ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി. കോണ്‍ഗ്രസും ബിജെപിയും മത വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നു. കേന്ദ്രം നിയമനിര്‍മ്മാണം നടത്താത്തത് എന്തുകൊണ്ടെന്നും കടകംപള്ളി ചോദിക്കുന്നു.