തൃശ്ശൂര്‍; തൃശൂരില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനും അറസ്റ്റില്‍. തൃശൂര്‍ എലഞ്ഞിക്കുളം സ്വദേശിയായ അരുണാണ് അറസ്റ്റിലായത്. ഇയാള്‍ ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണെന്നും കൊലപാതകത്തിന് രാഷ്ട്രീയമില്ലെന്നും പൊലീസ് വ്യക്തമാക്കി. 

അരുണിന് പുറമെ മുക്കാട്ടുകര സ്വദേശി സൂരജ്, ഊരത്ത് സിദ്ദു, പയ്യപ്പാട്ട് യേശുദാസ്, കാഞ്ഞാലി സച്ചിന്‍ എന്നിവരാണ് കൊലക്കേസില്‍ അറസ്റ്റിലായത്. ഫെബ്രുവരി 12നാണ് യുവമോര്‍ച്ചാ പ്രവര്‍ത്തകനായ നെട്ടിശേരി പൊറാടന്‍ നിര്‍മ്മലെന്ന ഇരുപതുകാരന്‍ കുത്തേറ്റുമരിച്ചത്. സംഭവത്തില്‍ മറ്റൊരാള്‍ക്കും കുത്തേറ്റിരുന്നു. 

ഇതിന് പിന്നില്‍ സിപിഐഎമ്മാണെന്ന് ആരോപിച്ച് ബിജെപി തിങ്കളാഴ്ച തൃശൂരില്‍ ഹര്‍ത്താലും നടത്തിയിരുന്നു. എന്നാല്‍ സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും, ഇരുസംഘങ്ങള്‍ തമ്മില്‍ മുന്‍പേയുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തിയത്.

ക്ഷേത്ര പറമ്പില്‍ കുമ്മാട്ടിക്കളിയുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങള്‍ തമ്മില്‍ മുന്‍പ് തന്നെയുള്ള തര്‍ക്കത്തിന്റെ ബാക്കിയാണ് കൊലപാതകമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.