മുംബൈ: ഇസ്ലാമിക മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ സാധിക്കില്ലെന്ന് ഇന്റര്‍പോള്‍. സക്കീര്‍ നായിക്കിനെതിരെ ആവശ്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചത്. 

ഇക്കാര്യം ഇന്ത്യയെ ബോധിപ്പിച്ചിട്ടുണ്ടെന്ന് സക്കീര്‍ നായികിന്റെ അഭിഭാഷകനെ ഇന്റര്‍പോള്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചെന്നാണ് സക്കീര്‍ നായിക്കുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. നവംബറില്‍ ഇതുസംബന്ധിച്ച ഇന്റര്‍പോളിന്റെ മറുപടി ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. 

ഇസ്ലാമിക മതപ്രഭാഷകനായ ഡോ.സക്കീര്‍ നായിക് ഇപ്പോള്‍ മലേഷ്യയിലാണുള്ളതെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ആ രാജ്യം സക്കീര്‍ നായികിന് രാഷ്ട്രീയഅഭയം കൊടുത്തതായും സൂചനയുണ്ട്. 2016 ജൂലൈ ഒന്നിനാണ് സക്കീര്‍ നായിക് ഇന്ത്യയില്‍ നിന്നും കടക്കുന്നത്. ബംഗ്ലാദേശില്‍ പിടിയിലായ ഒരു തീവ്രവാദി സക്കീര്‍ നായിക്കിന്റെ പ്രസംഗമാണ് തന്നെ തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിച്ചതെന്ന് മൊഴി കൊടുക്കുന്നതോടെയാണ് ഇയാള്‍ സുരക്ഷാ ഏജന്‍സികളുടെ നോട്ടപ്പുള്ളിയാവുന്നത്. 

ഇന്ത്യയില്‍ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റ്‌സില്‍ ചേരാന്‍ പോയ പല തീവ്രവാദികളുടേയും പ്രചോദനം സക്കീര്‍ നായിക് ആയിരുന്നുവെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇന്ത്യയില്‍ സക്കീര്‍ നായികിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളുടെ ഉമടസ്ഥതയിലുള്ള പീസ് ടിവി ബ്രിട്ടണും കാന്നഡയും അടക്കമുള്ള രാജ്യങ്ങള്‍ നിരോധിച്ചിട്ടുണ്ട്.