മുംബൈ: മതപണ്ഡിതനും വിവാദ പ്രാസംഗികനുമായ സാക്കിര്‍ നായിക്ക് സ്കൈപ്പ് വഴി മുംബൈയില്‍ നടത്താനിരുന്ന പത്രസമ്മേളനം മാറ്റിവെച്ചു. ധാക്കയിലെ സ്‌പാനിഷ് കഫേയില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് പ്രചോദനമായത് തന്റെ പ്രസംഗങ്ങളാണെന്ന ആരോപണത്തിന് മറുപടി നല്‍കാനായിരുന്നു പത്രസമ്മേളനം.

മുംബൈയിലെ പ്രമുഖ ഹോട്ടലുകള്‍ പത്രസമ്മേളനത്തിന് വേദി നല്‍കാത്തതിനെ തുടര്‍ന്നാണ് പരിപാടി മാറ്റിയത് എന്നാണ് സൂചന. മുംബൈ പൊലീസാണ് പത്രസമ്മേളനത്തിന് വിലക്കേര്‍പെടുത്തിയതെന്ന് സാക്കിര്‍ നായിക്കിന്റെ അനുയായികള്‍ ആരോപിച്ചെങ്കിലും പൊലീസ് ഇക്കാര്യം നിഷേധിച്ചു.

സൗദി അറേബ്യയില്‍ കഴിയുന്ന സാക്കിര്‍ നായിക് മുംബൈയിലെത്തി പത്രങ്ങളെ കാണുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് യാത്ര മാറ്റുകയായിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളും കൃതികളും പരിശോധിച്ചു വരികയാണ്