തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വിഭാഗം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയെ തുടര്‍ന്ന് അടച്ചുപൂട്ടിച്ച ഹോട്ടല്‍ അനുമതിയില്ലാതെ ഇന്ന് വീണ്ടും തുറന്നു. പാളയത്തെ സംസം ഹോട്ടലാണ് ഇന്ന് തുറന്നത്. തുടര്‍ന്ന് ഹോട്ടലിൽ ഭക്ഷ്യവകുപ്പ് വിജിലൻസ് വിഭാഗം ഇന്ന് പരിശോധന നടത്തി,  ഹോട്ടൽ വീണ്ടും അടപ്പിച്ചു. ഭക്ഷ്യ സുരക്ഷ കമ്മീഷണറുടെ അനുമതിയില്ലാതെയാണ് അടച്ച ഹോട്ടൽ തുറന്നതെന്ന് ഉദ്ദ്യോഗസ്ഥര്‍ പറഞ്ഞു.

നഗരത്തിലെ ഭക്ഷണശാലകളെക്കുറിച്ച് പരാതികൾ കിട്ടിയതിനെ തുടര്‍ന്നാണ് ഇന്നലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പ്രത്യേക സ്ക്വാഡുകൾ നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന നടത്തിയത്. 15 ഭക്ഷണശാലകൾ പൂട്ടിക്കുകയും 10 സ്ഥാപനങ്ങൾക്ക് നവീകരണത്തിന് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. 3,42,500 രൂപയാണ് പിഴ ഈടാക്കിയത്. ഹൗസിങ് ബോര്‍ഡ് കാന്റീന്‍, വാന്‍‍റോസ് ജംഗ്ഷനിലെ ഭക്ഷണശാല, ദീപ ഹോട്ടല്‍, ജിത്തു ജോജി, ഹോട്ടല്‍ കസാമിയ, ട്രിവാന്‍ഡ്രം കഫറ്റീരിയ, ഹോട്ടല്‍ ചിരാഗ് ഇന്‍, ഹോട്ടല്‍ അരോമ ക്ലാസിക്, ഗുലാന്‍ ഫാസ്റ്റ് ഫുഡ്, ഹോട്ടല്‍ ടികെ ഇന്റര്‍നാഷണല്‍, അരുള്‍ ജ്യോതി, ഹോട്ടല്‍ സംസം, കേരള യൂണിവേഴ്‌സിറ്റി ലൈബ്രറി കാന്റീന്‍, കുട്ടനാട് റസ്റ്റോറന്റ്, തനി നാടന്‍ ഊണ് എന്നിവയാണ് പൂട്ടിച്ചത്.