ഹരാരേ: സിംബാബ്‍വേ പ്രസിഡന്‍റ് പദം ഒഴിയില്ലെന്ന് സൂചനയുമായി റോബര്‍ട്ട് മുഗാബെ. ഡിസംബറില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി സമ്മേളനത്തിന്‍റെ അധ്യക്ഷന്‍ താനായിരിക്കുമെന്നും മുഗാബെ പറഞ്ഞു. മുഗാബെയെ പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് സാനു പി എഫ് പാര്‍ട്ടി നീക്കിയതിന് പിന്നാലെയാണ് പ്രഖ്യാപനം. ഭാര്യ ഗ്രേസ് ഉള്‍പ്പെടെ മുഗാബെയുമായി അടുത്തു നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളെയും പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കിയിരുന്നു.
മുഗാബെയ്ക്ക് രാജ്യഭരണം സ്വയം രാജിവെച്ചൊഴിയാന്‍ പാര്‍ട്ടി 24 മണിക്കൂര്‍ നേരം അനുവദിച്ചിട്ടുണ്ട്. നേരത്തെ മുഗാബെ പുറത്താക്കിയ മുന്‍ വൈസ് പ്രസിഡന്‍റ് എമ്മേഴ്‌സണ്‍ നംഗാവയെ പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായും പ്രഖ്യാപിച്ചു. ഇതോടെ വീട്ടുതടങ്കലില്‍ കഴിയുന്ന മുഗാബെ പ്രസിഡന്‍റ് പദവി ഇന്നലെ തന്നെ ഒഴിയും എന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
എന്നാല്‍ ഏവരേയും അമ്പരപ്പിച്ചുകൊണ്ട് മണിക്കൂറുകള്‍ക്കകം റോബര്‍ട്ട് മുഗാബേ ടെലിവിഷനില്‍ തത്സമയം പ്രത്യക്ഷപ്പെട്ടു. സേനാത്തലവനെന്ന നിലയില്‍ സൈനികരുടെ ആശങ്കകള്‍ പരിഗണിക്കുമെന്ന് മുഗാബെ പ്രഖ്യാപിച്ചു. രാജി തത്കാലം നീട്ടിക്കൊണ്ടുപോകാനുള്ള 93 കാരന്‍റെ അവസാന ശ്രമമായാണ് ഇതിനെ വിലയിരുത്തുന്നത്.
