റിയോ ഡി ജനീറോ: റിയോ ഒളിംപിക്സിൽ ആദ്യസ്വർണത്തിന്റെ മധുരമറിഞ്ഞ അഞ്ച് രാജ്യങ്ങളുണ്ട്. അവരിൽ കൊസോവയുടെ സ്വർണ നേട്ടത്തിന്റെ മധുരം പതിൻമടങ്ങാണ്. കൊസോവ 2008 ലാണ് സെർബിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് സ്വതന്ത്ര രാജ്യമായത്. ആകെ ജനസംഖ്യ 18 ലക്ഷത്തിൽ നാൽപ്പത്തിമൂവായിരം. 52 കിലോ വനിതകളുടെ ജൂഡോയിൽ എതിരാളികളെയെല്ലാം മലർത്തിയടിച്ച് മജിലിൻഡ കെൽമെൻഡെയാണ് കൊസോവൻ ജനതക്കായി ആദ്യസ്വർണം നേടിയെടുത്തത്.
സിംഗപ്പൂരിന്റെ ജോസഫ് സ്കൂളിന്റെ മെഡൽ നേടത്തിന്റെ മധുരം കൂട്ടുന്നത് മറ്റാരുമല്ല, സാക്ഷാൽ മൈക്കിൽ ഫെൽപ്സ് തന്നെ. 100 മീറ്റർ ബട്ടർഫ്ലൈസിൽ ഫെൽപ്സിനെത്തോൽപ്പിച്ച സ്കൂളിംഗ് 55 ലക്ഷത്തോളം വരുന്ന സിംഗപ്പൂർ ജനതയുടെ ഹിറോയാണ് ഇപ്പോൾ. പ്യൂട്ടോറിക്കയുടെ ആദ്യസ്വർണം ടെന്നീസ് കോർട്ടിൽ നിന്നാണ്. ഇതുവരെ ഒരു ഗ്രാൻസ്ലാം കിരീടം പോലും നേടിയിട്ടില്ലാത്ത 22 കാരി മോണിക്ക പ്യുഗ് സ്വർണവും കൊണ്ട് മടങ്ങിവരുമെന്ന്പ്യൂട്ടോറിക്കയിലെ 18,43000 പേരിൽ ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോയെന്ന് സംശമാണ്.
9 കോടി 16 ലക്ഷത്തിപതിനൊന്നായിരം പേർ വസിക്കുന്ന വിയറ്റ്‍നാമിനായി സ്വർണം വെടിവച്ചിട്ടത് ആർമി കേണലായ ക്സുവാൻ വിൻഹ് ഹോംഗാണ്. 10 മീറ്റർ എയർ പിസ്റ്റളിൽ സ്വർണവും 5 മീറ്റർ പിസ്റ്റളിൽ വെള്ളിയുമായാണ് 41 കാരനായ കേണൽ മടങ്ങിയത്. ഫിജിക്ക് സ്വർണം മധുരിച്ചത് റഗ്ബിയിൽ. ബ്രിട്ടനെ തറപറ്റിച്ച കരുത്തൻമാരെ ഓർത്ത് എട്ട് ലക്ഷത്തി അറുപത്തി എണ്ണായിരം പേർ സന്തോഷിക്കുന്നുണ്ട്.
സ്വന്തം രാജ്യത്തിന് കൊടിക്കീഴിൽ മത്സരിക്കാനാകാതെ പോയ കുവൈറ്റിൽ നിന്നുള്ള ഫെഹൈദ് അൽ ദീഹാനി ഡബിൾ ട്രാപ്പ് ഷൂട്ടിംഗിൽ സ്വർണം വെടിവച്ചിട്ടപ്പോൾ അത് ഇന്റർനാഷ്ണൽ ഒളിംപിക് കമ്മിറ്റിക്കുള്ള ആദ്യ സ്വർണ മധുരമായി.
