റിയോ ഡി ജനീറോ: ഒളിംപിക് ചരിത്രത്തില്‍ ആദ്യമായി അമ്മയും മകനും മത്സരിക്കുന്നു. ജോര്‍ജിയന്‍ ഷൂട്ടിംഗ് താരങ്ങളായ നിനോയും മകന്‍ ടോട്ട്ണിയും ആണ് ചരിത്രനേട്ടത്തിലേക്ക് നീങ്ങുന്നത്.
47കാരിയായ ഷൂട്ടിംഗ് താരം നിനോ സാലൂക്‌വാസ്‌ക്കിന് റിയോയിലേത് എട്ടാം ഒളിംപിക്‌സ്. പതിനെട്ടുകാരന്‍ മകന്‍ ടോട്ട്ണി മക്കവാറിനിക്ക് ഇത് കന്നി ഗെയിംസ്. രണ്ടു പേരും മെഡലിലേക്ക് ഉന്നം പിടിക്കുംമുമ്പേ റെക്കോര്‍ഡിട്ടു. ഒളിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായി ഒരുമിച്ച് മത്സരിക്കുന്ന അമ്മയും മകനുമെന്ന ബഹുമതി.
നിനോയുടെ ഒളിംപിക്‌സ് ഓര്‍മ്മകള്‍ തുടങ്ങുന്നത് 1988ലാണ്. പത്തൊമ്പതാം വയസ്സില്‍ ആദ്യ പോരാട്ടത്തില്‍ തന്നെ മത്സരിച്ച രണ്ട് ഇനങ്ങളിലും സ്വര്‍ണവും വെള്ളിയും നേടി. 2008ല്‍ ബിജിംഗില്‍ വെങ്കലം നേടി. 28 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം മകനുമൊത്ത് മത്സരിക്കുമ്പോള്‍ ഈ അമ്മയുടെ മനസ്സിലെ മെഡല്‍ സ്വപ്നങ്ങള്‍ തനിക്ക് വേണ്ടിയല്ല. ആദ്യ മത്സരത്തിന്റെ ത്രില്ലിനൊപ്പം അമ്മയുടെ കൂടെ മത്സരിക്കുന്നതിന്റെ സന്തോഷത്തിലുമാണ് ടോട്ട്ണിയും.
അമ്മയും മകനും ഒരേ ഗെയിംസിന് ഇറങ്ങുനനത് ആദ്യമെങ്കിലും തലമുറകളുടെ പോരാട്ടത്തിന് ഇതിനു മുമ്പും ഒളിമ്പിക്‌സ് സാക്ഷിയായിട്ടുണ്ട്.
അമ്മമാര്‍ പെണ്‍മക്കള്‍ക്കൊപ്പവും, അച്ഛന്മാര്‍ ആണ്‍മക്കള്‍ക്ക് ഒപ്പവും മത്സരിച്ചിട്ടുണ്ട്. എന്നാല്‍ മകനെയും കൊണ്ട് ഗെയിംസിനെത്തിയ ആദ്യ അമ്മയാണ് നിനോ. ഇവരില്‍ ആര് മെഡല്‍ നേടിയാലും റിയോയില്‍ പുതിയൊരു ചരിത്രമാകും.
