റിയോ ഡി ജനീറോ: ഒളിംപിക്സ് ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. ബീജിംഗ് ഒളിംപിക്സിലെ സ്വര്‍ണ മെഡല്‍ ജേതാവും ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയുമായിരുന്ന അഭിനവ് ബിന്ദ്രയ്ക്ക് 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 0.5 പോയന്റ് വ്യത്യാസത്തിലാണ് ബിന്ദ്രയ്ക്ക് വെങ്കലം നഷ്ടമായത്.

16 ഷോട്ടുകള്‍ പൂര്‍ത്തിയാപ്പോള്‍ 163.8 പോയന്റുമായി യുക്രൈനിന്റെ സെര്‍ഷി കുലിഷിനൊപ്പം മൂന്നാം സ്ഥാനത്തായിരുന്നു ബിന്ദ്ര. എന്നാല്‍ ഷൂട്ടോഫില്‍ ബിന്ദ്ര 10 പോയന്റ് നേടിയപ്പോള്‍ കുലിഷ് 10.5 പോയന്റ് നേടി മെഡല്‍പ്പോരാട്ടതിനുള്ള അവസാന മൂന്നുപേരിലെത്തി. ഷൂട്ടോഫില്‍ ജയിച്ചിരുന്നെങ്കില്‍ ബിന്ദ്രയ്ക്ക് വെങ്കലമെങ്കിലും ഉറപ്പാക്കാമായിരുന്നു. 2008ലെ ബീജിംഗ് ഒളിംപിക്സില്‍ ഇതേ ഇനത്തില്‍ ബിന്ദ്ര സ്വര്‍ണം നേടിയതിന്റെ എട്ടാം വാര്‍ഷിക ദിനം ബിന്ദ്രയ്ക്കും ഇന്ത്യയ്ക്കും ഭാഗ്യം കൊണ്ടുവന്നില്ല.

പതിനൊന്നാം ഷോട്ടില്‍ 10.7 പോയന്റ് നേടി രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന ബിന്ദ്രയ്ക്ക് പക്ഷെ മൂന്നാം എലിമിനേഷന്‍ റൗണ്ട് കഴിഞ്ഞപ്പോള്‍ മൂന്നാം സ്ഥാനത്തേക്കിറങ്ങേണ്ടിവന്നു. ലണ്ടനില്‍ ഇതേ ഇനത്തില്‍ വെള്ളി നേടിയിരുന്ന ഇറ്റലിയുടെ നിക്കോളോ കാപ്രിയാനിയാണ് സ്വര്‍ണം നേടിയത്. കുലിഷിവെള്ളിയും റഷ്യയുടെ വ്ലാഡിമര്‍ മസെലിനിക്കോവ് വെങ്കലും നേടി.

ഈ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ഗഗന്‍ നാരംഗ് ഫൈനലിലേക്ക് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടിരുന്നു.യോഗ്യതാ റൗണ്ടില്‍ ഒരുഘട്ടത്തില്‍ ഒന്നാമതെത്തിയ നാരംഗ് 23-മനായാണ് ഫിനിഷ് ചെയ്തത്.

പുരുഷന്‍മാരുടെ ട്രാപ്പ് ഇനത്തില്‍ മാനവ്‌ജിത് സന്ധുവും ക്യാനന്‍ ചെനായ്‌യും ഫൈനലിലേക്ക് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടു. യോഗ്യതാ റൗണ്ടില്‍ സന്ധു പതിനാറാമതും ക്യാനന്‍ ചെനായ് പത്തൊമ്പതാമതുമാണ് ഫിനിഷ് ചെയ്തത്.