ദില്ലി: ലോക യൂത്ത് അത്‍ലറ്റിക്സിലെ ജാവലിൻ ത്രോയിൽ റെക്കോർഡോടെ സ്വർണം നേടിയ നീരജ് ചോപ്രയെ റിയോ ഒളിമ്പിക്സിൽ പങ്കെടുപ്പിക്കാൻ ഇന്ത്യൻ ശ്രമം. നീരജിന് റിയോയിൽ വൈൽഡ് കാർഡ് എൻട്രി നൽകണമെന്ന് ഇന്ത്യൻ അത്‍ലറ്റിക് ഫെഡറേഷൻ അന്താരാഷ്ട്ര അത്‍ലറ്റിക് ഫെഡറേഷനോട് രേഖാമൂലം ആവശ്യപ്പെട്ടു.

ഒളിമ്പിക്സിന് യോഗ്യത നേടേണ്ട അവസാന തീയതി ഈമാസം 11 ആയിരുന്നു. ഇതിനാലാണ് നീരജിന് വൈൽഡ് കാർഡ് എൻട്രി നൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. 86.48 മീറ്റർ ദൂരം ജാവലിൻ പായിച്ചാണ് നീരജ് ലോക യൂത്ത് മീറ്റഇൽ റെക്കോർഡും സ്വർണവും സ്വന്തമാക്കിയത്.ജാവലിൻ ത്രോയിൽ ഈ സീസണിലെ ഏറ്റവും മികച്ച എട്ടാമത്തെ പ്രകടനമാണിത്.നീരജിന് റിയോയിൽ അവസരം നൽകണോയെന്ന് അന്താരാഷ്ട്ര അത്‍ലറ്റിക് ഫെഡറേഷനാണ് തീരുമാനിക്കേണ്ടത്.

ഇതേസമയം, 2020ലെ ഒളിംപിക്സിൽ സ്വർണം നേടുകയാണ് തന്റെ ലക്ഷ്യമെന്ന് നീരജ് ചോപ്ര പറഞ്ഞു. അത്‌ലറ്റിക്സില്‍ രാജ്യാന്തര തലത്തില്‍ രാജ്യത്തിനായി സ്വര്‍ണം നേടാനായതില്‍ അഭിമാനമുണ്ടെന്നും നിരജ് ചോപ്ര വ്യക്തമാക്കി.