ദില്ലി: മരുന്നടിക്കേസിൽ ഒളിമ്പിക് ബർത്ത് തുലാസിലായ ഗുസ്തി താരം നർസിംഗ് യാദവിന്റെ പുറകെ ഷോട്ട് പുട്ട് താരം ഇന്ദർജീത് സിംഗും ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു. ഇന്ത്യയിൽ നിന്ന് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഏക ഷോട്ട് പുട്ട് താരമാണ് ഇന്ദർജീത്ത് സിംഗ്. ഇന്നലെ വൈകീട്ടാണ്ഇന്ദർജീത്ത് ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടെന്ന് വ്യക്തമാക്കി നാഡ അത്‌ലറ്റിക് ഫെഡറേഷന് കത്തയച്ചത്.

എന്നാല്‍ ഇന്ദര്‍ജിത് മരുന്നടിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ നാഡ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. ഇന്ദര്‍ജിത്തിന്റെ എ സാംപിള്‍ പരിശോധനയിലാണ് പോസറ്റീവാണെന്ന് കണ്ടെത്തിയത്. ആവശ്യമെങ്കില്‍ ഇന്ദര്‍ജിത്തിന്റെ ബി സാംപിളും പരിശോധനയ്ക്കയക്കും.

റിയോ ഒളിമ്പിക്സിന് ഇന്ത്യയില്‍ നിന്ന് യോഗ്യത നേടിയ ആദ്യ താരമായിരുന്നു ഇന്ദര്‍ജിത് സിംഗ്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ ഗ്രാന്‍ഡ്പ്രിക്സിലും ലോക യൂണിവേഴ്സിറ്റി ഗെയിംസിലും സ്വര്‍ണം നേടിയിട്ടുള്ള ഇന്ദര്‍ജിത് സിംഗ് 2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയിരുന്നു.