റിയോ ഡി ജനീറോ: കഴിഞ്ഞ ദിവസം നടന്ന പുരുഷന്‍മാരുടെ 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലിന്റെ ഹീറ്റ്സ് പൂര്‍ത്തിയായപ്പോള്‍ എല്ലാ കണ്ണുകളും എത്തിയത് റോബല്‍ കിറോസ് ഹബ്റ്റെ എന്ന എത്യോപ്യന്‍ നീന്തല്‍ത്താരത്തിന്റെ ശരീരത്തിലേക്കായിരുന്നു. അതിനൊരു കാരണമുണ്ട്, ഹബ്റ്റെയുടെ ശരീരം തന്നെ. മൈക്കല്‍ ഫെല്‍പ്സിനെപ്പൊലുള്ള ഇതിഹാസ നീന്തല്‍ താരങ്ങളുടെ ശരീരം കണ്ട് അന്തം വിട്ടിട്ടുളള ആരാധകരെപ്പോലും അമ്പരിപ്പിക്കുന്ന ശരീരമാണ് ഹബ്റ്റെയുടെ പ്രത്യേകത.
ഒരു നീന്തല്‍ത്താരത്തിന് ഒരിക്കലും യോജിക്കാത്ത തടിച്ച ശരീരപ്രകൃതിയാണ് ഹബ്റ്റെയ്ക്കുള്ളത്. അല്‍പം കുടവയറുമുണ്ട്. ഹബ്റ്റെ പിന്നെങ്ങനെ ഒളിംപിക്സിനെത്തി എന്നു ചോദിച്ചാല്‍ എത്യോപ്യന്‍ നീന്തല്‍ ഫെഡറേഷന്‍ പ്രസിഡന്റിന്റെ മകനാണ് കക്ഷി എന്നതുകൊണ്ടുതന്നെ. എന്തായാലും 59 പേര്‍ മത്സരിച്ച ഹീറ്റ്സില്‍ അത്ഭുതങ്ങള്‍ക്കൊന്നും അവസരം നല്‍കാതെ അവസാന സ്ഥാനക്കാരനാണ് 24കാരനായ ഹബ്റ്റെ ഫിനിഷ് ചെയ്തത്. ഹീറ്റ്സില്‍ 1.04.95 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്യതെങ്കിലും 59 സെക്കന്‍ഡാണ് തന്റെ മികച്ച സമയമെന്ന് ഹബ്റ്റെ അവകാശപ്പെടുന്നു. 47.9 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഓസ്ട്രേലിയയുടെ കെയ്ല്‍ ചാമേഴ്സാണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്.
അവസാനസ്ഥാനക്കാരനായതിന്റെ നിരാശയൊന്നും പക്ഷെ ഹബ്റ്റെയ്ക്കില്ല. രാജ്യത്തിനുവേണ്ടി എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാനാഗ്രഹിച്ചതിനാലാണ് നീന്തല്‍ തെരഞ്ഞെടുത്തതെന്നാണ് ഹബ്റ്റെയുടെ വാദം. ദീര്‍ഘദൂര ഓട്ടക്കാര്‍ക്ക് പേരുകേട്ട എത്യോപ്യയില്‍ എല്ലാവരും എഴുന്നേറ്റാല്‍ ഉടന്‍ ഓടിത്തുടങ്ങും. എന്നാല്‍ ഞാന്‍ മറ്റുള്ളവരെപ്പോലെ ഓടാന്‍ ഇഷ്ടപ്പെടുന്നില്ല. അതിനാലാണ് നീന്തിത്തുടങ്ങിയതെന്നും ഹബ്റ്റെ പറയുന്നു
.
