റിയോ ഡി ജനീറോ: റിയോ ഒളിംപിക്സില്‍ ഡൈവിംഗ് പൂളിന് പിന്നാലെ വാട്ടര്‍ പോളോ പൂളിലും വെള്ളം പച്ച നിറമായത് ഒളിംപിക്സ് സംഘാടകര്‍ക്ക് നാണക്കേടായി. കൂടുതല്‍ പേര്‍ പൂളില്‍ ഇറങ്ങിയതിനെ തുടര്‍ന്നുണ്ടായ രാസപ്രവര്‍ത്തനമാണ് നിറവ്യത്യാസത്തിന് കാരണമെന്നാണ് സംഘാടകരുടെ വിശദീകരണം.

കഴിഞ്ഞ ദിവസം വനിതകളുടെ 10 മീറ്റര്‍ സിംക്രണൈസ്ഡ് ഡൈവിംഗ് ഫൈനല്‍ നടന്ന ഡൈവിംഗ് പൂളിലെ വെള്ളം പച്ച നിറമായത് സംഘാടകര്‍ക്ക് നാണക്കേടായിരുന്നു. ഇതിന് പിന്നാലെയാണ് സമീപത്തുള്ള വാട്ടര്‍പോളോ പൂളിലെ വെള്ളവും നിറം മാറിയത്. സാധാരണയായി നീലനിറത്തിലുള്ള തെളിഞ്ഞ വെള്ളമാണ് മത്സരങ്ങള്‍ നടക്കുന്ന പൂളുകളില്‍ ഉണ്ടാവേണ്ടത്. എന്നാല്‍ മത്സരങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് തെളിഞ്ഞ വെള്ളം നിറഞ്ഞിരുന്ന പൂളുകള്‍ എങ്ങനെ പച്ചയായി എന്ന് അധികൃതര്‍ക്ക് കണ്ടെത്താനായിട്ടില്ല.

സംഭവം വിവാദമായതോടെ ആണ് സംഘാടകര്‍ കുറ്റം സമ്മതിച്ചു. കൂടുതല്‍ പേര്‍ ഒരെ പൂളില്‍ ഇറങ്ങുമ്പോള്‍ ഉണ്ടാകുന്ന രാസ പരിണാമം ആണ് നിറവ്യത്യാസത്തിന് കാരണം. മത്സരത്തിനായി എത്തുന്ന താരങ്ങളുടെ കണക്ക് ശേഖരിച്ച് മുന്‍കരുതല്‍ എടുത്തിരുന്നില്ലെന്നും സംഘാടകര്‍ തുറന്നു പറയുന്നു. എന്തായാലും പൂളുകളിലെ വെള്ളം കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പച്ച വെള്ളത്തില്‍ ആണെങ്കിലും മത്സരിക്കാന്‍ താരങ്ങള്‍ സമ്മതം മൂളിയത് കൊണ്ട്, മത്സരങ്ങള്‍ ഒന്നും മുടങ്ങിയില്ല എന്നതാണ് ആകെ സംഘാടകര്‍ക്കുള്ള ആശ്വാസം.