റിയോ ഡി ജനീറോ: ചൈനീസ് ഡൈവിംഗ് താരം ഹീ സി ക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ദിനമായി മാറി ഓഗസ്റ്റ് 14. ഒളിംപിക് മെഡല്‍ ഏറ്റുവാങ്ങാന്‍ വേദിയിലെത്തിയ ഹീ സിയെ കാത്ത് ഒരു സര്‍പ്രൈസ് ഉണ്ടായിരുന്നു.

വനിതകളുടെ 3 മീറ്റര്‍ സ്‌പ്രിംഗ് ബോര്‍ഡ് ഡൈവിംഗില്‍ വെളളി ചൈനക്ക്. ജേതാവ് ഹി സി മെഡലേറ്റുവാങ്ങാന്‍ പോഡിയത്തിലെത്തി. ഒളിംപിക് വെളളിയുമായി ലോകത്തെ നോക്കി പുഞ്ചിരിച്ചു. ഇനിയാണ് ട്വിസ്റ്റ്. ചൈനീസ് സുന്ദരിക്ക് നേരെ ഒരു ചെറിയ ചുവന്ന പേടകം നീണ്ടു. ഒപ്പം തനി സിനിമാ സ്റ്റെലില്‍ മുട്ടില്‍ നിന്ന് വിവാഹഭ്യര്‍ത്ഥനയും. വജ്ര ത്തിളക്കമുളള വിവാഹ മോതിരം. കൂടെ പ്രണയസുഗന്ധം പരത്തുന്ന റോസാപുഷ്ങ്ങള്‍ ചൈനീസ് ഡൈവിംഗ് താരവും ബോയ് ഫ്രണ്ടുമായ ക്വിന്നാണ് മെഡല്‍ദാന ചടങ്ങിനിടെ കൂട്ടുകാരിയെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. ആദ്യമൊന്നമ്പരന്നെങ്കിലും കൂട്ടുകാരന്റെ പ്രണയാഭ്യര്‍ത്ഥന ഹി സി നെഞ്ചോട് ചേര്‍ത്ത് സ്വീകരിച്ചു. ക്വിന്നിനെ ജീവിത്തിലേക്കും. മെഡല്‍ദാന ചടങ്ങിനെത്തിയവര്‍ മുഴുവന്‍ ഹര്‍ഷാരവത്തോടെ മംഗളാശംസകള്‍ നേര്‍ന്നു.

പുരുഷന്മാരുടെ മൂന്നു മീറ്റര്‍ സിങ്ക്രണൈസ്ഡ് ഡൈവിംഗില്‍ വെങ്കലമുണ്ട് ക്വിന്നിന്. മെഡലിന്റെ തിളക്കത്തോടെ രണ്ടുപേര്‍ക്കും പുതുജീവിത നാമ്പുകള്‍. റിയോ ഒളിംപിക് വേദിയിലെ രണ്ടാം വിവാഹമാണിത്. നേരത്തെ ഒളിംപിക്‌സ് വേദിയില്‍ ബ്രസീല്‍ റഗ്ബി താരത്തിന്റെ സ്വവര്‍ഗ വിവാഹം വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.