റിയോ ഡി ജനയ്‌റോ: റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതില്‍ റഷ്യയ്ക്ക് വിലക്ക് വന്നേക്കും. റഷ്യയെ വിലക്കണം എന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി നിര്‍ദേശം നല്‍കി. റഷ്യയ്ക്കെതിരായ അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ)യുടെ കണ്ടെത്തല്‍ ഗൗരവപൂര്‍ണ്ണമാണ് എന്നാണ് ഒളിംപിക് കമ്മിറ്റിയുടെയും വിലയിരുത്തല്‍ എന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ റഷ്യയെ വിലക്കണമെന്നാവശ്യപ്പെട്ട് വിവിധരാജ്യങ്ങളിലെ ഉത്തേജക മരുന്ന് വിരുദ്ധഏജന്‍സികള്‍ രംഗത്ത് എത്തിയിരുന്നു. ഏകദേശം 10ഓളം രാഷ്ട്രങ്ങളും 20ഓളം കായികസംഘങ്ങളുമാണ് റഷ്യക്കെതിരേ വിലക്ക് ആവശ്യമുന്നയിച്ചിരിക്കുന്നത്. റഷ്യന്‍ കായികതാരങ്ങളുടെ ഉത്തേജക മരുന്ന് ഉപയോഗത്തെ കുറിച്ച് പുറത്തുവന്ന മാധ്യമവാര്‍ത്തകളാണ് ആവശ്യത്തിനു പിന്നില്‍.
ഒളിംപിക്‌സ് തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ റഷ്യയ്ക്ക് വിലക്ക് സംബന്ധിച്ചുള്ള പുതിയ നിര്‍ദേശം ഒളിംപിക്‌സ് കമ്മിറ്റി മേധാവികള്‍ക്ക് മുകളില്‍ വലിയ സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നത്. 2014ല്‍ നടന്ന സോചി വിന്റര്‍ ഒളിംപിക്‌സില്‍ റഷ്യ ഔദ്യോഗികമായി ഉത്തേജകമരുന്ന് ഉപയോഗം പ്രോല്‍സാഹിപ്പിച്ചെന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തതിരുന്നു. ഇതിനെ തുടര്‍ന്നാണ് വാഡയുടെ അന്വേഷണം നടന്നത്.
റഷ്യയുടെ മുന്‍ ഉത്തേജക മരുന്ന് വിരുദ്ധ ലാബ് ഡയറക്ടര്‍ ഗ്രിഗറി റോഡ്‌ച്ചെക്കോവിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത പുറത്ത് വിട്ടത്. സോചി ഒളിംപിക്‌സില്‍ സര്‍ക്കാര്‍ അറിവോടെ വ്യാപകമായ തോതില്‍ ഉത്തേജക മരുന്നുപയോഗം നടന്നെന്നും ഇതില്‍ 15ഓളം പേര്‍ മെഡല്‍ നേടിയതായും അദ്ദേഹം പറഞ്ഞതായാണ് വിവരം.
ഉത്തേജകമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് നേരത്തെ റഷ്യയുടെ അത്‌ലറ്റിക്‌സ് ടീമിന് നേരത്തെ തന്നെ റിയോ ഒളിംപിക്‌സില്‍ നിന്ന് വിലക്ക് ലഭിച്ചിരുന്നു. ഇതിനിടയിലാണ് ഇപ്പോള്‍ പുര്‍ണമായ വിലക്കാവശ്യപ്പെട്ടുള്ള നിര്‍ദേശം.
