ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായാണ് ഇന്ത്യ ഇത്തവണ റിയോയിലെത്തുന്നത്. മെഡല്‍പ്പട്ടികയിലും ഇതിന്‍റെ പ്രതിഫലനം ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് രാജ്യം. കഴിഞ്ഞ തവണത്തേക്കാൾ മികച്ച നേട്ടം ഇന്ത്യ കൈവരിക്കുമെന്ന് റിയോയിലേക്ക് പോകുന്ന താരങ്ങൾക്ക് ആശംസകൾ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരുന്നു.
എന്നാൽ ഇന്ത്യക്ക് റിയോയില്‍ അത്ര പ്രതീക്ഷ വേണ്ടെന്നാണ് ഫ്രഞ്ച് വാർത്താ ഏജൻസിയായ അസോസിയേറ്റ്ട് പ്രസ്സിന്‍റെ പ്രവചനം. ലണ്ടനിൽ 6 മെഡലുകൾ നേടിയ ഇന്ത്യക്ക് റിയോയിൽ 2 മെഡലുകൾ മാത്രമേ നേടാനാകൂ എന്നാണ് വാര്‍ത്താ എജന്‍സി പ്രവചിക്കുന്നത് . ടെന്നിസ് മിക്സ്ഡ് ഡബിൾസില്‍ സാനിയ മിർസ- രോഹൻ ബൊപ്പണ്ണ സഖ്യവും ഷൂട്ടിങ്ങിൽ ജിത്തു റായ്യുമാകും മെഡല്‍പ്പട്ടികയില്‍ സ്ഥാനം പിടിക്കുന്ന ഇന്ത്യക്കാര്‍.
സാനിയ സഖ്യം വെങ്കലം നേടുമ്പോള്‍ ജിത്തു റായി വെള്ളി നേടുമെന്നാണ് വാർത്താ ഏജൻസിയുടെ പ്രവചനം. അന്പെയ്ത്തിലും ഗുസ്തിയിലും ഹോക്കിയിലുമെല്ലാം ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ ഉണ്ടെങ്കിലും നിരാശപ്പെടേണ്ടി വരുമെന്ന് അസോസിയേറ്റഡ് പ്രസ് കണക്കുകൂട്ടുന്നു. ഒളിംപിക്സില്‍ പങ്കെടുക്കുന്ന ഓരോ താരങ്ങളുടെയും സമീപ കാല പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് വാര്‍ത്താ ഏജന്‍സിയുടെ പ്രവചനം.
ഒളിംപിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ നേട്ടമാണ് കഴിഞ്ഞ തവണ ലണ്ടനില്‍ കണ്ടത്. 2 വെള്ളിയും 4 വെങ്കലവും. എന്നാല്‍ ഇത്തരം പ്രവചനങ്ങള്‍ പിഴക്കുന്ന കാഴ്ചയാണ് ഇതിന് മുന്‍പ് മിക്കപ്പോഴും കണ്ടിട്ടുള്ളത്. അതുകൊണ്ടു തന്നെ പ്രതീക്ഷ കൈവിടാതെ പൊരുതാൻ തയ്യാറായിക്കഴിഞ്ഞു ഇന്ത്യൻ സംഘം.
