പുബ്ല: റിയോ ഒളിംപിക്‌സിനുള്ള അര്‍ജന്റീന ഫുട്ബോള്‍ ടീം അംഗങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ കൊള്ളയടിച്ചു. മെക്‌സിക്കോയിലെ ഹോട്ടലിലാണ് സംഭവം നടന്നത്. താരങ്ങള്‍ മെക്‌സിക്കോയ്ക്കെതിരായ സന്നാഹ മല്‍സരം കളിക്കാന്‍ സ്റ്റേഡിയത്തില്‍ പോയ സമയത്ത് പണവും മൊബൈല്‍ - ലാപ്‌ടോപ്പ് ഉള്‍പ്പടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളുമാണ് മോഷ്‌ടാക്കള്‍ കവര്‍ന്നത്. ഒളിംപിക്‌സിന് മുന്നോടിയായാണ് മെക്‌സിക്കോയ്‌ക്കെതിരെ സന്നാഹ മല്‍സരം കളിക്കാന്‍ അര്‍ജന്റീന ടീം മെക്‌സിക്കോയിലെ പുബ്ല നഗരത്തില്‍ എത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചിട്ടില്ല.

സംഭവത്തില്‍ ഹോട്ടല്‍ അധികൃതര്‍ക്കെതിരെ ആരോപണവുമായി ടീം മാനേജ്മെന്റും അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനും(എഎഫ്എ) രംഗത്തെത്തിയിരുന്നു. മോഷ്‌ടാക്കളെ ഹോട്ടല്‍ അധികൃതര്‍ സംരക്ഷിക്കുന്നതായാണ് ആരോപണം. മെക്‌സിക്കോയ്ക്കെതിരായ സൗഹൃദ മല്‍സരത്തിന് ശേഷം താരങ്ങള്‍ ഹോട്ടല്‍ മുറിയില്‍ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നതെന്ന് എ എഫ് എ വൈസ് പ്രസിഡന്റ് ക്ലോഡിയോ ടാപിയ പറഞ്ഞു.

അതേസമയം ഹോട്ടല്‍ അധികൃതരുമായും ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട് അര്‍ജന്റീന ടീം അംഗങ്ങള്‍ക്ക് മതിയായ നഷ്‌ടപരിഹാരം നല്‍കാമെന്ന നിര്‍ദ്ദേശവുമായി മെക്‌സിക്കോ ഫുട്ബോള്‍ അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്.

അര്‍ജന്റീന - മെക്‌സിക്കോ സന്നാഹ മല്‍സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇരു ടീമുകളുടെയും അവസാനത്തെ സന്നാഹ മല്‍സരമായിരുന്നു ഇത്.