റിയോ ഡി ജനീറോ: ക്രിക്കറ്റ് ബോള്‍ട്ടിന് അപരിചിതമല്ല. പണ്ടു ക്രിക്കറ്ററാകാന്‍ പോയ ബോള്‍ട്ടിനെ കായികാധ്യാപകനാണ് ട്രാക്കിന്റെ വഴി കാട്ടിക്കൊടുത്തത്. റിയോ ഒളിംപിക്‌സില്‍ 100 മീറ്ററില്‍ സ്വര്‍ണം നേടിയ ബോള്‍ട്ട് ലോകത്തെ വേഗരാജ പട്ടം അന്വര്‍ത്ഥമാക്കി. എന്നാല്‍ ആ നേട്ടത്തെ ക്രിക്കറ്റുമായാണ് ബോള്‍ട്ട് താരതമ്യപ്പെടുത്തുന്നത്. ഒളിംപിക്‌സില്‍ 100 മീറ്ററില്‍ സ്വര്‍ണം നേടുന്നത് ക്രിക്കറ്റില്‍ ഹാട്രിക്ക് നേടുന്നതിന് തുല്യമാണെന്നാണ് ബോള്‍ട്ട് പറയുന്നത്. ക്രിക്കറ്റില്‍ അടുത്തടുത്ത് മൂന്ന് പന്തുകളില്‍ സിക്‌സര്‍ പായിക്കുന്നതിനോ വിക്കറ്റുകള്‍ വീഴ്‌ത്തുന്നതിന് തുല്യമാണ് ഒളിംപിക്‌സില്‍ 100 മീറ്ററില്‍ സ്വര്‍ണ നേടുകയെന്നത്- ബോള്‍ട്ട് പറയുന്നു. തുടര്‍ച്ചയായ മൂന്നു ഒളിംപിക്‌സുകളില്‍ വേഗരാജാവായ ആദ്യ അത്‌ലറ്റ് എന്ന നേട്ടത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും ക്രിക്കറ്റിനോടുള്ള ഇഷ്‌ടം ബോള്‍ട്ട് മറച്ചുവെയ്‌ക്കുന്നില്ല. ക്രിക്കറ്റില്‍ ബാറ്റിംഗിനേക്കാള്‍ ബൗളിംഗാണ് തനിക്ക് ഇണങ്ങുന്നതെന്നും ബോള്‍ട്ട് പറയുന്നു. 2014ല്‍ പ്യൂമ സംഘടിപ്പിച്ച പ്രദര്‍ശന ക്രിക്കറ്റ് മല്‍സരത്തില്‍ ക്രിസ് ഗെയ്‌ലിനും യുവരാജ് സിംഗിനുമൊപ്പം ബോള്‍ട്ട് കളിച്ചിരുന്നു. അന്ന് ഗെയ്‌ലിന്റെ വിക്കറ്റ് സ്വന്തമാക്കിയത് ബോള്‍ട്ട് ആയിരുന്നു. ഇത്തവണ ഒളിംപിക്‌സ് തയ്യാറെടുപ്പിന് ഏഷ്യന്‍ ഭക്ഷണങ്ങളാണ് താന്‍ കഴിച്ചിരുന്നത്. ചൈനീസ് നൂഡില്‍സ്, ചിക്കന്‍ എന്നിവയായിരുന്നു മുഖ്യ ഭക്ഷണം. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതില്‍ ഇത് വളരെ പ്രധാനമായിരുന്നുവെന്നും ബോള്‍ട്ട് പറയുന്നു.
Latest Videos
