റിയോ ഡി ജനീറോ: ലോക റെക്കോര്‍ഡ് മറികടക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന് ഉസൈന്‍ ബോള്‍ട്ട്. 200 മീറ്ററില്‍ ഇനി മത്സരിക്കാന്‍ സാധ്യതയില്ലെന്നും മത്സരശേഷം ബോള്‍ട്ട് പറഞ്ഞു. 200 മീറ്റര്‍ പന്തയത്തിനെത്തും മുന്‍പ് ഉസൈന്‍ ബോള്‍ട്ട് പറഞ്ഞു. മുഹമ്മദലിക്കും പെലെയ്ക്കുമൊപ്പം ഇതിഹാസങ്ങളില്‍ ഇതിഹാസമാവണം. ഒളിംപിക്‌സിലെ മൂന്നാം സ്‌പ്രിന്റ് ഡബിളിലേക്ക് കുതിച്ചെത്തിയശേഷം ബോള്‍ട്ട് പറഞ്ഞു. എനിക്ക് ഇനി തെളിയിക്കാന്‍ ഒന്നുമില്ല. ഞാനാണ് ഗ്രേറ്റസ്റ്റ്.
19.78 സെക്കന്‍ഡില്‍ ബോള്‍ട്ട് അതൃപ്തന്‍. ശരീരം മനസ്സിനൊപ്പം എത്തുന്നില്ല. എങ്കിലും ഒന്നാമനായതില്‍ സന്തോഷം. 200 മീറ്ററില്‍ എന്റെ അവസാന മത്സരമാണ് കഴിഞ്ഞത്. 2017ല്‍ ലണ്ടനില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ മാത്രമേ മത്സരിക്കുവെന്നും ഞായറാഴ്ച മുപ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന ബോള്‍ട്ട് പറഞ്ഞു. നേരത്തെ നൂറ് മീറ്ററില്‍ ആധികാരിക പ്രകടനത്തോടെ ഉസൈന്‍ ബോള്‍ട്ട് സ്വര്‍ണം നേടിയിരുന്നു.
നൂറ് മീറ്ററിലും ഇരുന്നൂറ് മീറ്ററിലും ലോക റെക്കോര്‍ഡും ഒളിംപിക്‌സ് റെക്കോര്‍ഡും ബോള്‍ട്ടിന്റെ പേരിലാണ്. ആ റെക്കോര്‍ഡുകള്‍ തിരുത്തുമെന്ന പ്രഖ്യാപനത്തോടെയാണ് ബോള്‍ട്ട് ഇത്തവണ റിയോയില്‍ എത്തിയത്. എന്നാല്‍ സ്‌പ്രിന്റ് ഇനങ്ങളില്‍ സ്വര്‍ണം നേടിയെങ്കിലും സ്വന്തം പേരിലുള്ള രണ്ടു റെക്കോര്‍ഡുകളിലും മാറ്റം വരുത്താന്‍ ബോള്‍ട്ടിന് സാധിച്ചില്ല.
