ലണ്ടന്‍: പരിക്കിന്റെ പിടിയിൽ നിന്ന് പുറത്തിറങ്ങിയാണ് ഉസൈന്‍ ബോള്‍ട്ട് ലണ്ടനിൽ എത്തിയതെങ്കിലും അപ്രതീക്ഷിമായ ഒന്നും ട്രാക്കിൽ സംഭവിച്ചില്ല. ഒളിംപിക്സിന് മുന്നോടിയായി നടന്ന ലണ്ടൻ ആനിവേഴ്സറി മീറ്റിൽ 200 മീറ്ററിൽ ബോൾട്ട് ജേതാവായി. 19.89 സെക്കന്റിലാണ് ബോൾട്ട് ഫിനിഷ് ചെയ്തത്.
പനാമയുടെ അലൻസോ എഡ്വേഡ് രണ്ടാം സ്ഥാനം നേടി. ബ്രിട്ടന്റെ ആഡം ജമിലി മൂന്നാം സ്ഥാനം സ്വന്തമാക്കി. 2009ൽ തീർത്ത 19.19ലോക റിക്കോർഡ് പ്രകടനത്തിന് അടുത്തെത്തിയില്ലെങ്കിലും, പരിക്കിൽ നിന്ന് മോചിതനായ ഉടൻ നടത്തിയ പ്രകടനത്തിൽ തൃപ്തനാണെന്ന് ബോൾട്ട് പ്രതികരിച്ചു.
റിയോ ഒളിംപിക്സിന് മുൻപ് ബോൾട്ടിന്റെ അവസാന മത്സരമായിരുന്നു ഇത്.
ട്രയൽസിനിടെ പരുക്കേറ്റതിനാൽ ബോൾട്ടിന് ഒളിംപിക്സിൽ പങ്കെടുക്കാൻ ജമൈക്ക പ്രത്യേക അനുമതി നൽകിയിരുന്നു.റിയോയിൽ 100, 200 മീറ്ററുകളിൽ ബോൾട്ട് ഇറങ്ങും. ഈ സീസണിൽ 19.74 സെക്കന്റിൽ 200 മീറ്റർ ഫിനിഷ് ചെയ്ത അമേരിക്കൻ സ്പ്രിന്റർ ലാഷ്വാൻ മെറിറ്റ് അടക്കമുള്ളവർ വേഗരാജാവിന് വെല്ലുവിളി ഉയർത്തി റിയോയിലുണ്ടാവും.
